സ്രോതസ് വെളിപ്പെടുത്താതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2,000 രൂപവരെ സംഭാവന സ്വീകരിക്കാമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ഇടപെടല്‍. സുതാര്യത ഉറപ്പാക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിക്കുന്ന മുഴുവന്‍ തുകയും ആദായ നികുതിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതാണ് ഹര്‍ജി. വിഷയത്തില്‍ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് നോട്ടീസ് അയച്ചു.
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന മുഴുവന്‍ സംഭാവനകളും രേഖപ്പെടുത്തണമെന്നും പണമായി സംഭാവന സ്വീകരിക്കുന്നത് സുതാര്യത നഷ്ടപ്പെടുത്തുമെന്നും ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍, കേന്ദ്രസര്‍ക്കാര്‍, ബിജെപി, കോണ്‍ഗ്രസ്, ഡിഎംകെ, സിപിഐ(എം), തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, എഎപി തുടങ്ങി 13 രാഷ്ട്രീയ പാര്‍ട്ടികളെയും ഹര്‍ജിയില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഖേം സിങ് ഭാട്ടിക്ക് വേണ്ടി അഭിഭാഷകന്‍ ജയേഷ് കെ ഉണ്ണികൃഷ്ണന്‍ മുഖേനെ മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സാരിയയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ആദായ നികുതി നിയമം 1961 ലെ സെഷന്‍ 13എ(ഡി)യുടെ നിയമസാധുത ചോദ്യം ചെയ്യുന്നതാണ് ഹര്‍ജി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള നികുതി ഇളവുകളാണ് 13എയില്‍ പറയുന്നത്. 2,000 രൂപവരെ പണമായി സ്വീകരിക്കാന്‍ അനുമതി നല്‍കുന്നതാണ് 13എ(ഡി). ഇത് ഒരു പഴുതാണെന്നും നിയമത്തെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ തുക സ്വീകരിക്കുന്നുണ്ടെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ലഭിക്കുന്ന സംഭാവനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഫോം 24എ സ്ക്രൂട്ടിനി ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ ഹര്‍ജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

