കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് 20,000 സ്കൂളുകള്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. 2021–22 വര്‍ഷത്തേക്കുള്ള യൂണിഫെെഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ പ്ലസ് ഡാറ്റയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
പ്രവര്‍ത്തനക്ഷമമായ സ്കൂളുകളുടെ എണ്ണം മുന്‍വര്‍ഷത്തെ 15.09 ലക്ഷത്തില്‍ നിന്ന് അപേക്ഷിച്ച് 2021- 22 ല്‍ 14.89 ലക്ഷമായി കുറഞ്ഞു. ഇവയില്‍ 24 ശതമാനം സ്വകാര്യവും 48 ശതമാനം സര്‍ക്കാര്‍— എയ്‍ഡഡ് സ്കൂളുകളുമാണ്. സ്കൂളുകള്‍ അടച്ചുപൂട്ടിയതിനു പിന്നാലെ ഏകദേശം 1.89 അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടമായി. കോവിഡിന്റെ ആദ്യ തരംഗം വിദ്യാഭ്യാസ മേഖലയെ ബാധിച്ചിരുന്നെങ്കിലും ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
ഇക്കാലയളവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മഹാമാരിക്കാലത്തെ തൊഴില്‍ നഷ്ടവും ശമ്പളം വെട്ടിക്കുറയ്ക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതാണ് സ്കൂള്‍ മാറ്റത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 2021–22 ല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 83.35 ലക്ഷം കുട്ടികളുടെ വര്‍ധനയുണ്ടായപ്പോള്‍ സ്വകാര്യ സ്കൂളുകളില്‍ 68.85 ലക്ഷത്തിന്റെ കുറവുണ്ടായി.
മധ്യപ്രദേശില്‍ 6,457 സ്കൂളുകളാണ് അടച്ചുപൂട്ടിയത്. പ്രവര്‍ത്തനം നിലച്ച ആകെ സ്കൂളുകളുടെ 66.82 ശതമാനം വരുമിത്. ഇതില്‍ 1,167 എണ്ണം സ്വകാര്യ സ്കൂളുകളാണ്. രാജസ്ഥാനില്‍ അധ്യാപകരുടെ എണ്ണത്തിലുണ്ടായ കുറവ് ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 31,148 അധ്യാപകര്‍ക്കാണ് സംസ്ഥാനത്ത് തൊഴില്‍ നഷ്ടമായത്. ഒഡിഷയിൽ 24,838, കർണാടക 22,937, പഞ്ചാബ് 21,940, ബിഹാർ 18,643, അസം 17,397, ഗുജറാത്ത് 10,687 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍. പ്രവേശന നിരക്കിലുണ്ടാകുന്ന കുറവാണ് അടച്ചുപൂട്ടലിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രീ പെെമറി വിഭാഗത്തില്‍ 11.5 ലക്ഷം കുട്ടികളാണ് കുറഞ്ഞത്. സെക്കന്‍ഡറി തലത്തിലെ പ്രവേശന നിരക്ക് 79.8 ല്‍ നിന്ന് 78.56 ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary:20,000 schools were closed during covid
You may also like this video