Site icon Janayugom Online

സംസ്ഥാനത്ത് 2000 കെ സ്റ്റോറുകൾ ആരംഭിക്കും: മന്ത്രി ജി ആർ അനിൽ

ഏകദിന ശില്പശാല മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു

പൊതുവിതരണ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ സാമ്പത്തിക വർഷത്തിലും അടുത്ത സാമ്പത്തിക വർഷത്തിലുമായി 2000 കെ സ്റ്റോറുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ . കെ സ്റ്റോറിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും സേവനങ്ങള്‍ സംബന്ധിച്ച പരിശീലനം നൽകുന്നതിനുമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കെ സ്റ്റോർ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 108 റേഷൻകടകൾ കെ സ്റ്റോറുകളായി മാറിയിട്ടുണ്ട്. വ്യാപാരികൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രയാസങ്ങൾക്ക് പരിഹാരം കാണുക, ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് റേഷൻകടകൾ വഴി കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൂടുതൽ കെ സ്റ്റോറുകൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം സുതാര്യമായാണ് പ്രവർത്തിക്കുന്നത്. എല്ലാ അനധികൃത പ്രവർത്തനങ്ങളും കർശനമായി നിയന്ത്രിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. റേഷൻ കടകളിൽ നിന്നും വിതരണം ചെയ്യുന്ന എല്ലാ ഉത്പന്നങ്ങളുടെയും കണക്കുകൾ കൃത്യമായി ഡിജിറ്റൽ ആക്കിയിട്ടുണ്ട്.
റേഷൻകടകൾ വഴി നിലവിൽ ലഭ്യമാകുന്ന ഉല്പന്നങ്ങൾക്ക് പുറമേ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളുടെ ഉല്പപന്നങ്ങൾ കൂടി വില്പന നടത്താൻ തയ്യാറാണെന്ന് വ്യവസായ വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റേഷൻ വ്യാപാരികൾക്ക് കൂടുതൽ സഹായം നൽകുന്നതിനായി റേഷൻ കടകൾ പുതുക്കി നിർമ്മിക്കാൻ രണ്ടുലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ബാങ്കുകളുടെ സഹകരണത്തോടെ ഏഴ് ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കിയ ശേഷം അതിൽ മൂന്ന് ശതമാനം സർക്കാർ സബ്സിഡിയായും അനുവദിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
റേഷൻ വ്യാപാരികൾ നേരിടുന്ന പ്രയാസങ്ങൾ, തടസങ്ങൾ എന്തൊക്കെയെന്ന് കൂടുതൽ മനസിലാക്കുന്നതിനാണ് മേഖലാ അടിസ്ഥാനത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഏകദിന ശില്പശാലയിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കടവന്ത്ര ഗാന്ധിനഗർ സപ്ലൈകോ ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ശില്പശാലയിൽ പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മിഷണർ ഡോ. ഡി സജിത്ത് ബാബു അധ്യക്ഷത വഹിച്ചു. സപ്ലൈകോ മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കിടരാമൻ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ സ്റ്റേറ്റ് ഹെഡ് ഡോ. ബി രാജീവൻ, റേഷനിങ് കൺട്രോളർ കെ മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

eng­lish summary;2000k stores to be start­ed in state: Min­is­ter GR Anil

you may also like this video;

Exit mobile version