ആരോഗ്യ വകുപ്പിന് കീഴിലുള്ള 72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വിവിധ ജില്ലകളിലെ ജില്ലാ, ജനറൽ ആശുപത്രികളിലും കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾക്കുമാണ് തസ്തികകൾ അനുവദിച്ചത്. താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആശുപത്രികളിൽ കൂടുതൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
കൺസൾട്ടന്റ് തസ്തികയിൽ കാർഡിയോളജി 20, ന്യൂറോളജി ഒമ്പത്, നെഫ്രോളജി 10, യൂറോളജി നാല്, ഗ്യാസ്ട്രോഎൻട്രോളജി ഒന്ന്, കാർഡിയോ തൊറാസിക് സർജൻ ഒന്ന്, അസിസ്റ്റന്റ് സർജൻ എട്ട്, കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ 48, ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ ജനറൽ മെഡിസിൻ 12, ജനറൽ സർജറി ഒമ്പത്, ഗൈനക്കോളജി ഒമ്പത്, പീഡിയാട്രിക്സ് മൂന്ന്, അനസ്തേഷ്യ 21, റേഡിയോഡയഗ്നോസിസ് 12, റേഡിയോതെറാപ്പി ഒന്ന്, ഫോറൻസിക് മെഡിസിൻ അഞ്ച്, ഓർത്തോപീഡിക്സ് നാല്, ഇഎൻടി ഒന്ന് എന്നിങ്ങനെയാണ് തസ്തികകൾ അനുവദിച്ചത്. കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ 14 തസ്തികകളും വൈക്കം സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ 10 തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.

