അടുത്തവര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ‑പാകിസ്ഥാന്‍ മത്സരങ്ങള്‍ യുഎഇയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലടക്കമുള്ള ഇന്ത്യ‑പാകിസ്ഥാന്‍ പോരാട്ടം 2027 വരെ നിഷ്പക്ഷ വേദിയിലായിരിക്കുമെന്ന് ഐസിസി അറിയിച്ചിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ‑പാക് പോരാട്ടത്തിന്റെ വേദി ഉടന്‍ ഐസിസി ഔദ്യോഗികമായി അറിയിക്കും.
അതേസമയം ഇന്ത്യ‑പാക് പോരാട്ടം ഫെബ്രുവരി 23ന് ആകുമെന്നും റിപ്പോര്‍ട്ടുണ്ട്. ആതിഥേയരായ പാകിസ്ഥാനും ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കും ഒപ്പം ഗ്രൂപ്പ് എയില്‍ ഇന്ത്യ ഇടംപിടിച്ചിട്ടുണ്ട്. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. പാകിസ്ഥാനില്‍ ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി എന്നിവയാണ് മത്സര വേദികള്‍. രണ്ട് സെമിഫൈനലുകള്‍ മാര്‍ച്ച് നാലിനും മാര്‍ച്ച് അഞ്ചിനും നിശ്ചയിച്ചിട്ടുണ്ട്. റിസര്‍വ് ദിനമായ മാര്‍ച്ച് ഒമ്പതിന് ഫൈനല്‍ നടക്കും. ഫൈനലിലും ഇന്ത്യ യോഗ്യത നേടിയാല്‍ യുഎഇയില്‍ തന്നെയാകും മത്സരം. ചാമ്പ്യന്‍സ് ട്രോഫിയുടെ അവസാന ഷെഡ്യൂള്‍ ഐസിസി ഉടന്‍ പ്രഖ്യാപിക്കും.