അടുത്ത വർഷം ജൂണിൽ കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ഫുട്‌ബോൾ ലോകകപ്പിൽ രാജ്യത്തിനായി കളിക്കാൻ ആഗ്രഹിക്കുന്നതായി അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി വെളിപ്പെടുത്തി. താൻ ടീമിലുണ്ടായിരിക്കണമെന്നാണ് ആഗ്രഹമെന്നും, എന്നാൽ ടൂർണമെന്റിന് മുമ്പായി തൻ്റെ ശാരീരികക്ഷമത വിലയിരുത്തിയ ശേഷമായിരിക്കും കളിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ അമേരിക്കൻ ടൂർണമെന്റായ മേജർ ലീഗ് സോക്കറിൽ ഇന്റർ മിയാമിക്കായി കളിക്കുകയാണ് മെസി. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിൻ്റെ പ്രതികരണം. “ഒരു ലോകകപ്പിൽ പങ്കെടുക്കാൻ കഴിയുന്നത് അസാധാരണമായ ഒന്നാണ്. ഞാൻ അവിടെ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ അവിടെയുണ്ടെങ്കിൽ, എൻ്റെ ദേശീയ ടീമിനെ സഹായിക്കുന്നതിൽ ഒരു പ്രധാന ഭാഗവാകാന്‍ എനിക്ക് സാധിക്കുമെന്നാണ് ആഗ്രഹം,” മെസി അഭിമുഖത്തിൽ പറഞ്ഞു.

