പുതുചരിത്രം രചിച്ച് അഞ്ച് ലക്ഷം പേര്‍ക്ക് വീടൊരുക്കിയ ലൈഫ് മിഷന് വേണ്ടി സംസ്ഥാനം ചെലവഴിച്ചത് 20831.6 കോടി രൂപ. ഇതിൽ 18,342.7 കോടിയും (88.05%) കേരളമാണ് കണ്ടെത്തിയത്. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിഹിതവും വായ്പയുമാണ് ഈ തുക.
സംസ്ഥാന സർക്കാരിന്റെ ഗ്യാരണ്ടിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വായ്പ എടുക്കുന്നത്. പലിശ പൂർണമായി സംസ്ഥാന സർക്കാർ തിരിച്ചടയ്ക്കുന്നു. മുതൽ സംസ്ഥാന സർക്കാർ നൽകുന്ന പ്ലാൻ ഫണ്ടിൽ നിന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തിരിച്ചടയ്ക്കുന്നു. ശേഷിക്കുന്ന 2,488.9 കോടിയാണ് കേന്ദ്രവിഹിതം. ഇത് 11.95% മാത്രമാണ്.
പിഎംഎവൈ ഗ്രാമീൺ, അർബൻ വിഭാഗത്തിൽപ്പെട്ട ചുരുക്കം വീടുകൾക്കാണ് കേന്ദ്രത്തിന്റെ ഈ ചില്ലറ സഹായം ലഭിച്ചത്. ഗ്രാമീണ മേഖലയിൽ 72,000 രൂപയും നഗരത്തിൽ ഒന്നരലക്ഷം രൂപയുമാണ് കേന്ദ്രം നൽകുന്നത്. ഈ ഗുണഭോക്താക്കൾക്കും സംസ്ഥാന സർക്കാർ നാല് ലക്ഷം നൽകുന്നു. ചെറിയ തുക നൽകുന്ന ഈ വീടുകൾക്ക് മുമ്പിൽ ബ്രാൻഡിങ് വേണമെന്ന നിബന്ധനയാണ് കേന്ദ്രം മുന്നോട്ടുവച്ചത്. ഇത് അനുവദിക്കില്ല എന്നാണ് സംസ്ഥാന സർക്കാർ നിലപാട്.
ലൈഫ് പദ്ധതി പ്രകാരം പൂർത്തിയാക്കിയ 3,66,230 വീടുകൾക്ക് പൂർണമായും സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ ലൈഫ് മിഷനാണ് മുഴുവൻ തുകയും ലഭ്യമാക്കിയത്. അതായത് 73.19 ശതമാനം വീടുകളും പൂർണമായും സംസ്ഥാന സർക്കാർ പദ്ധതിയിലൂടെ പൂർത്തിയാക്കി. ആകെ 1,34,134 വീടുകൾക്കാണ് കേന്ദ്രത്തിന്റെ തുച്ഛമായ സഹായം ലഭിച്ചത്. മഹാഭൂരിപക്ഷം വീടുകളും കേന്ദ്രസഹായമില്ലാതെ, 100% തുകയും സംസ്ഥാനസർക്കാർ ലൈഫ് മിഷൻ മുഖേന ചെലവഴിച്ചാണ് നിർമ്മിച്ചത്. ഈ വിഷയത്തിൽ വ്യാപകമായ വ്യാജപ്രചാരണം നടന്നിട്ടുണ്ടെന്ന് മന്ത്രി എം ബി രാജേഷ് ചൂണ്ടിക്കാട്ടി.
18 ഭവനസമുച്ചയങ്ങൾ ഇതിനകം ഭൂരഹിതരായ ഭവനരഹിതർക്ക് ലൈഫ് മിഷൻ നൽകിയിട്ടുണ്ട്. നാലെണ്ണം നിർമ്മിച്ചും, ഒരെണ്ണം വിലയ്ക്ക് വാങ്ങിയും, 13 എണ്ണം മറ്റ് ഏജൻസികളുമായി ചേർന്ന് നിർമ്മിച്ചുമാണ് നൽകിയത്. 23 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. മനസോടിത്തിരി മണ്ണ് കാമ്പയിനിലൂടെ ഇതിനകം 29.2 ഏക്കർ ഭൂമി ഭൂരഹിതർക്ക് രജിസ്റ്റർ ചെയ്ത് നൽകിയിട്ടുണ്ട്. കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ രണ്ടരലക്ഷം രൂപ വീതം നൽകി, 1,506 കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കി. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318‑എ യുടെ നേതൃത്വത്തിൽ 100 ഭൂരഹിത ഭവനരഹിതർക്ക് വീട് വച്ച് നൽകാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്.
ലൈഫിനായി സംസ്ഥാനം ചെലവഴിച്ചത് 20,831.6 കോടി

