Site iconSite icon Janayugom Online

പ്രസിഡന്റിന്റെ അമിതാധികാരം റദ്ദാക്കി: ഭരണഘടനയുടെ 21-ാം ഭേദഗതി അംഗീകരിച്ച് ശ്രീലങ്കന്‍ മന്ത്രിസഭ

പ്രസി‍ഡന്റിന് അനിയന്ത്രിതമായ അധികാരം നല്‍കിയ ഭരണഘടനയുടെ 20-­ാം വകുപ്പ് റദ്ദാക്കുന്ന 21-ാം ഭേദഗതി ശ്രീലങ്കന്‍ മന്ത്രിസഭ അംഗീകരിച്ചു. പാർലമെന്റിനെ ശക്തിപ്പെടുത്തുന്ന 19-ാം ഭേദഗതി പിന്‍വലിച്ചതിന് ശേഷം പ്രസിഡന്റ് ഗോതബയ രാജപക്സെയ്ക്ക് അധികാരം നൽകുന്ന ഭരണഘടനയിലെ 20-ാം (എ) വകുപ്പാണ് 21-ാം ഭേദഗതിയിലൂടെ റദ്ദാക്കിയത്.
ഭേദഗതി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും പാസാക്കുകയും ചെയ്തതായി വിനോദസഞ്ചാര വകുപ്പ് മന്ത്രി ഹരിന്‍ ഫെര്‍ണാടോ അറിയിച്ചു. ഇത് വോട്ടെടുപ്പിനായി ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭയ്ക്കും ദേശീയ കൗൺസിലിനും ഒപ്പം പാർലമെന്റിനോടും പ്രസിഡന്റിന് ഇനി ഉത്തരവാദിത്തമുണ്ടാകും.
ഏതൊരു പുതിയ ബില്ലും അതിന്റെ ഭരണഘടനാ സാധുത ഉറപ്പാക്കാൻ സുപ്രീം കോടതിയിലേക്ക് അയ്ക്കണമെന്ന വ്യ­വ­സ്ഥ­യും ഭേദഗതിയില്‍ കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്‍പ് ഭേദഗതി കൊണ്ടുവരുന്നതിനെതിരെ ശ്രീലങ്ക പൊതുജന പെരുമുനയിലെ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോൾ വിക്രമസിംഗെയും ഗോതബയയും തമ്മിലുള്ള കരാറിന്റെ പ്രധാന ഘടകമായിരുന്നു ഭരണഘടനാ പരിഷ്കരണം. പ്രസിഡന്റ് ഗോതബയ രാജപക്സെ, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, വിദേശകാര്യ മന്ത്രി ജി എല്‍ പീരിസ്, എന്നിവര്‍ വിഷയത്തില്‍ പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. പ്രതിപക്ഷത്തിന്റെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 21-ാം ഭേദഗതി അംഗീകാരത്തിനായി സമര്‍പ്പിച്ചത്.
2015 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രമസിംഗെയാണ് ഭരണഘടനയുടെ 19-ാം ഭേദഗതി നിയമമാക്കുന്നത്. പ്രധാനമന്ത്രിയെയും മന്ത്രിമാരെയും പുറത്താക്കാനുള്ള പ്രസിഡന്റിന്റെ വിവേചനാധികാരം 19-ാം ഭേദഗതി പ്രകാരം പിന്‍വലിച്ചു. 2019 ല്‍ അധികാരത്തിലെത്തിയ ഗോതബയ രാജപക്സെ 19-ാം ഭേദഗതി റദ്ദാക്കി.
പിന്നീട് 2020 ല്‍ 20-ാം ഭേദഗതിയിലൂടെ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങള്‍ വര്‍ധിപ്പിച്ചു.
സ്വതന്ത്ര സ്ഥാപനങ്ങളിലേക്ക് സുപ്രധാന നിയമനങ്ങൾ നടത്താനും ഭേദഗതി പ്രസിഡന്റിന് അധികാരം നൽകി. ഈ ഭേദഗതി പാസാക്കിയതിന് ശേഷമാണ് രാജപക്സെ സഹോദരന്മാരുടെ അടുത്ത കുടുംബാംഗങ്ങളെ പ്രധാന സ്ഥാനങ്ങളിൽ നിയമിച്ചത്.

Eng­lish sum­ma­ry; 21st Amend­ment to the Constitution
Approved by the Sri Lankan Cabinet

You may also like this video;

Exit mobile version