Site iconSite icon Janayugom Online

കശ്മീര്‍ പിടിക്കാന്‍ 25 ലക്ഷം ഇറക്കുമതി വോട്ട്

ജമ്മു കശ്മീരിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി. തെരഞ്ഞെടുപ്പ് കമ്മിഷനെ കരുവാക്കി കശ്മീരിന് പുറത്തുനിന്നുള്ള 25 ലക്ഷം പേരെ വോട്ടര്‍മാരാക്കിയാണ് പുതിയ നീക്കം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ. 2019ൽ ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം, കശ്മീരികളല്ലാത്തവർക്ക് ഭൂമി സ്വന്തമാക്കാനും വോട്ടർമാരായി രജിസ്റ്റർ ചെയ്യാനും അനുവദിച്ചിരുന്നു. ഇക്കാരണത്താല്‍ 25 ലക്ഷത്തോളം പുതിയ വോട്ടർമാരുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ജമ്മു കശ്മീർ ചീഫ് ഇലക്ടറൽ ഓഫീസർ ഹിർദേഷ് കുമാർ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ഇതോടെ നിലവിലുള്ള 76 ലക്ഷം വോട്ടർമാരുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് വർധിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കശ്മീർ സ്വദേശിയാണെന്നുള്ള സ്ഥിരതാമസ സർട്ടിഫിക്കറ്റ് ആവശ്യമില്ല.

വോട്ടര്‍മാര്‍ക്ക് പുതിയ സുരക്ഷാ സംവിധാനങ്ങളുള്ള വോട്ടർ കാർഡുകൾ നൽകും. ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, തൊഴിലാളികൾ തുടങ്ങി ജമ്മു കശ്മീരിൽ സാധാരണ ജീവിതം നയിക്കുന്ന ആർക്കും പേര് ചേർക്കാനും വോട്ട് ചെയ്യാനും കഴിയും. എന്നാൽ ജമ്മുവിലും മറ്റ് പ്രദേശങ്ങളിലും കുടിയേറിയ റോഹിങ്ക്യൻ മുസ്‍ലിങ്ങൾക്ക് വോട്ടർ പട്ടികയിൽ പേര് ചേര്‍ക്കാനാകില്ല. 600 പോളിങ് ബൂത്തുകൾ പുതുതായി അനുവദിച്ചിട്ടുണ്ടെന്നും മൊത്തം 11,370 പോളിങ് ബൂത്തുകൾ ഉണ്ടാവുമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു.

തദ്ദേശീയരല്ലാത്തവർക്ക് വോട്ടവകാശം നൽകാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. പുറത്തുനിന്നുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നതിലൂടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഉരുക്ക് മുഷ്ടി ഉപയോഗിച്ച് ജമ്മു-കശ്മീരിൽ അധികാരം തുടരുകയും തദ്ദേശീയരെ ദുർബലപ്പെടുത്തുകയുമാണ് ലക്ഷ്യമെന്നും മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. ജമ്മു കശ്മീരിനെ ബിജെപി പരീക്ഷണശാലയാക്കി മാറ്റിയെന്നും അത് രാജ്യത്തുടനീളം ആവർത്തിക്കുമെന്നും അവര്‍ പറഞ്ഞു. അതേസമയം കശ്മീരിലെ ജനങ്ങൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാൻ അവസരം ലഭിച്ചാൽ ഈ നീക്കങ്ങളൊന്നും ബിജെപിയെ സഹായിക്കില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. മേഖലയിൽ ബിജെപിക്ക് ജനപിന്തുണയില്ല. ഇത് മറികടക്കാൻ പുറമെ നിന്നുള്ളവരെ കശ്മീരിലേക്ക് കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകക്ഷി യോഗം 22ന്

വോട്ടർ പട്ടികയിൽ പുറത്തുള്ള വോട്ടർമാരെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ നാഷണൽ കോൺഫറൻസ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള ഈ മാസം 22 ന് സർവകക്ഷി യോഗം വിളിച്ചു. ഫാറൂഖ് അബ്ദുള്ളയുടെ വസതിയിലാണ് യോഗം എന്ന് എൻസി സംസ്ഥാന വക്താവ് ഇമ്രാൻ നബി ദാർ പറഞ്ഞു.

കേന്ദ്രഭരണ പ്രദേശത്തെ ബിജെപി ഒഴികെയുള്ള എല്ലാ മുഖ്യധാരാ പാർട്ടികളോടും ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഏകീകൃത നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തിയാണ് ഫാറൂഖ് അബ്ദുള്ളയോട് ആവശ്യപ്പെട്ടത്.

Eng­lish Summary:25 lakh import­ed votes to cap­ture Kashmir
You may also like this video

Exit mobile version