Site iconSite icon Janayugom Online

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ 25 മുതൽ 31 വരെ ദേശവ്യാപക പ്രക്ഷോഭം

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ 25 മുതൽ 31 വരെ ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും.
അനിയന്ത്രിതമായി കുതിച്ചുയരുന്ന വിലക്കയറ്റം ജനങ്ങളുടെമേൽ ഭീമമായ ഭാരം അടിച്ചേൽപ്പിച്ചിരിക്കുകയാണെന്നും ജനകോടികൾ ദുരിതത്തിലാണെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, മനോജ് ഭട്ടാചാര്യ (ആർഎസ്‌പി), ദേബബ്രത ബിശ്വാസ് (ഫോർവേഡ് ബ്ലോക്ക്) എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

അഭൂതപൂർവമായി വർധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും ചേരുമ്പോൾ ജനങ്ങളുടെ ദുരിതം ഇരട്ടിക്കുകയാണ്. കഴിഞ്ഞ ഒരുവർഷത്തിനിടെ പെട്രോളിയം ഉല്പന്നങ്ങളുടെ വിലയിൽ 70 ശതമാനം വർധനയാണ് വരുത്തിയത്. പച്ചക്കറി 20 ശതമാനം, ഭക്ഷ്യഎണ്ണയ്ക്ക് 23, ഭക്ഷ്യധാന്യങ്ങൾക്ക് എട്ടു ശതമാനം വീതവും വിലക്കയറ്റമുണ്ടായി. കോടിക്കണക്കിന് ഇന്ത്യക്കാരുടെ മുഖ്യആഹാരമായ ഗോതമ്പിന് 14 ശതമാനം വില കൂടിയത് താങ്ങാനാവാത്തതാണ്. ഈ സാഹചര്യത്തിലാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യോജിച്ച പ്രക്ഷോഭത്തിന് ആഹ്വാനം നല്കുന്നതെന്ന് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

പെട്രോളിയം ഉല്പന്നങ്ങൾക്കുള്ള എല്ലാ അധിക ചുങ്കങ്ങളും നിരക്കുകളും പിൻവലിക്കുക, പൊതുവിതരണ സംവിധാനത്തിലൂടെയുള്ള ഗോതമ്പ് വിതരണം പുനഃസ്ഥാപിക്കുക, അവശ്യ വസ്തുക്കൾ, പ്രത്യേകിച്ച് ഭക്ഷ്യ എണ്ണയും ധാന്യങ്ങളും ലഭ്യമാക്കുന്നതിന് പൊതു വിതരണ സംവിധാനം രാജ്യവ്യാപകമായി ശക്തിപ്പെടുത്തുക, ആദായ നികുതി നല്കേണ്ടതില്ലാത്ത കുടുംബങ്ങൾക്ക് 7,500 രൂപ വീതം നേരിട്ടു നല്കുക, തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വർധിപ്പിക്കുകയും ദേശീയ തലത്തിൽ തൊഴിലില്ലായ്മാ വേതന നിയമം നടപ്പിലാക്കുകയും ചെയ്യുക, നഗര തൊഴിൽ ദാന പദ്ധതിക്ക് നിയമനിർമ്മാണം നടത്തുക, ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികകളും നികത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ദേശീയ പ്രക്ഷോഭത്തിൽ ഉന്നയിക്കുന്നത്.

Eng­lish Sum­ma­ry: 25 to 31 Nation­wide agi­ta­tion against infla­tion and unemployment

You may like this video also

Exit mobile version