Site iconSite icon Janayugom Online

ജനകീയ പ്രക്ഷോഭത്തിൽ ഇറാനിൽ കൊല്ലപ്പെട്ടത് 2,571 പേര്‍; പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ച് ട്രംപ്

ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുണ്ടായ ആഭ്യന്തര പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,571 ആയി ഉയർന്നതായി മനുഷ്യാവകാശ സംഘടനയായ എച്ച് ആർ എ എൻ എ റിപ്പോർട്ട് ചെയ്തു. ഭരണകൂടത്തിനെതിരെ രാജ്യത്ത് വർഷങ്ങൾക്കിപ്പുറം ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിഷേധ തരംഗമാണിത്. കൊല്ലപ്പെട്ടവരിൽ 2,403 പ്രതിഷേധക്കാരും 147 സർക്കാർ ഉദ്യോഗസ്ഥരും 12 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നുവെന്ന് സംഘടന വ്യക്തമാക്കി.

പ്രതിഷേധം തുടരാൻ ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാൻ ജനതയ്ക്ക് സഹായം ഉടൻ എത്തുമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ പ്രതിഷേധത്തെ അടിച്ചമർത്തുന്നതിന് ഇറാനെതിരെ സൈനിക നടപടി ഉൾപ്പെടെയുള്ള മാര്‍ഗങ്ങളും പരിഗണനയിലാണെന്ന് ട്രംപ് സൂചിപ്പിച്ചു. അതേസമയം, രാജ്യത്തെ അക്രമങ്ങൾക്കും മരണങ്ങൾക്കും പിന്നിൽ വിദേശ ശക്തികളുടെ സഹായം ലഭിക്കുന്ന ‘ഭീകരവാദികളാണെന്ന്’ ഇറാൻ ഭരണകൂടം ആരോപിച്ചു. അമേരിക്കയും ഇസ്രായേലുമാണ് രാജ്യത്തെ സംഘർഷങ്ങൾക്ക് പിന്നിലെന്നും ഇറാൻ അധികൃതർ കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ ഇറാൻ വലിയ സമ്മർദ്ദം നേരിടുന്നതിനിടെയാണ് രാജ്യത്തിനുള്ളിൽ തന്നെ ഭരണകൂടത്തിന് വലിയ ഭീഷണിയായി ഈ പ്രക്ഷോഭങ്ങൾ പടരുന്നത്.

Exit mobile version