Site iconSite icon Janayugom Online

മതേതര ഇന്ത്യ മറക്കാത്ത ദിവസം; ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയ്ക്ക് ഇന്ന് കാല്‍ നൂറ്റാണ്ട്

ഹിന്ദുത്വപ്രവര്‍ത്തകര്‍ ചുട്ടുകൊന്ന ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും ഓര്‍മ്മകള്‍ക്ക് ഇന്ന് 25 വയസ്. കൊടുംക്രൂരതയുടെ ഓര്‍മ്മകള്‍ രണ്ടര പതിറ്റാണ്ട് തികയ്ക്കുന്ന ദിനത്തിലാണ് മതേതര ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ അയോധ്യ ക്ഷേത്ര പ്രതിഷ്ഠ നടത്തുന്നത്. 1999 ജനുവരി 22ന് രാത്രിയിലാണ് ഓസ്‌ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സും മക്കളും ഒഡിഷ കിയോഞ്ജർ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍വച്ച് വാഹനത്തില്‍ ചുട്ടുകൊല്ലപ്പെട്ടത്. ഒഡിഷയിലെ ദരിദ്ര ആദിവാസി സമുദായങ്ങളില്‍ 35 വര്‍ഷത്തോളം താമസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തയാളായിരുന്നു സ്റ്റെയിന്‍സ്.

മക്കളായ 10 വയസുകാരന്‍ ഫിലിപ്പ്, ഒമ്പതുവയസുകാരന്‍ തിമോത്തി എന്നിവരോടൊപ്പം പള്ളിക്ക് മുന്നില്‍ വാഹനത്തില്‍ കിടന്നുറങ്ങുന്നതിനിടെ ജീവനോടെ തീയിടുകയായിരുന്നു. 1965ൽ ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലെത്തിയ സ്റ്റെയിന്‍സും കുടുംബവും പ്രസംഗത്തിലൂടെ ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റുന്നുവെന്ന് ആരോപിച്ചായിരുന്നു ഹിന്ദുത്വവാദികളുടെ കൊടും ക്രൂരത. എ ബി വാജ്‌പേയി പ്രധാനമന്ത്രിയും എൽ കെ അഡ്വാനി ആഭ്യന്തര മന്ത്രിയുമായി രണ്ടാം തവണയും അധികാരത്തിലേറിയതോടെ രാജ്യത്ത് പലയിടത്തും വിദ്വേഷത്തിന്റെ തീ ആളിപ്പടരുകയായിരുന്നു. പല സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും പള്ളികൾക്കും നേരെയുള്ള ആക്രമണങ്ങളും പതിവായി.

ബജറംഗ്‌ദള്‍ നേതാവായ ദാരാ സിങ്ങും അനുയായികളുമാണ് മനോഹർപൂരിലെത്തി വാനില്‍ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച സ്റ്റെയിൻസിനെയും മക്കളെയും തടഞ്ഞ ഹിന്ദുത്വവാദികള്‍ കൊലപാതകങ്ങള്‍ ആഘോഷമാക്കി. കേസില്‍ സിബിഐ അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും നടന്നു. 2003ൽ ഖുർദയിലെ വിചാരണക്കോടതി 13 പ്രതികളും കുറ്റക്കാരാണെന്ന് വിധിച്ചു. ദാരാ സിങ്ങിന് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവും വിധിച്ചു.

2005 മേയ് മാസത്തിൽ, ഒറീസ ഹൈക്കോടതി ദാരാ സിങ്ങിന്റെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. ജീവപര്യന്തം ശിക്ഷയ്ക്കെതിരെ ദാരാ സിങ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി ശരിവച്ചു. ഉറ്റവര്‍ കൊല്ലപ്പെട്ട ശേഷവും ഗ്രഹാമിന്റെ ഭാര്യ ഗ്ലാഡിസ് സ്റ്റെയിന്‍സ് മകള്‍ എസ്തേറിനൊപ്പം ഒഡിഷയില്‍ തുടര്‍ന്നു. കുഷ്ഠരോഗം ബാധിച്ചവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന് 2005ല്‍ ഇവരെ രാഷ്ട്രപതി പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

Eng­lish Sum­ma­ry: 25th anniver­sary of Gra­ham Staines murder
You may also like this video

Exit mobile version