Site iconSite icon Janayugom Online

166 ജീവൻ കവർന്ന 26/11; മുംബൈ ഭീകരാക്രമണത്തിന്റെ ഓർമ്മകൾക്ക് 17 വയസ്

രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ പതിനേഴാം വാർഷികമാണ് ഇന്ന്. 2008 നവംബർ 26ന് കടൽ കടന്നെത്തിയ 10 പാക്ക് ഭീകരർ മുംബൈയെ തോക്കിൻമുനയിൽ നിർത്തി നടത്തിയ കിരാതവേട്ടയിൽ 166 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അറുനൂറിലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പല സംഘങ്ങളായി തിരിഞ്ഞ ഭീകരവാദികൾ, മുംബൈയിലെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ 12 സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. ആദ്യം ആക്രമണം എഴുപത് ലക്ഷം ആളുകൾ പ്രതിദിനം യാത്രചെയ്യുന്ന നഗര ഹൃദയത്തിലെ സി എസ് ടി (ഛത്രപതി ശിവാജി ടെർമിനസ്) റെയിൽവേ സ്റ്റേഷനിലായിരുന്നു. 90 മിനിറ്റോളം നീണ്ട ഈ ആക്രമണത്തിൽ 58 പേർ മരിച്ചു. തുടർന്ന്, താജ് ഹോട്ടൽ, ട്രൈഡന്റ് ഹോട്ടൽ, ലിയോപോൾഡ് കഫേ, നരിമാൻ ഹൗസ്, കാമ ഹോസ്പിറ്റൽ, മെട്രോ സിനിമാ ഹാൾ എന്നിവിടങ്ങളിലും ഭീകരാക്രമണം നടന്നു. താജ് ഹോട്ടലിലും ട്രൈഡന്റ് ഹോട്ടലിലും നരിമാൻ ഹൗസിലും ഭീകരർ ആളുകളെ ബന്ധികളാക്കി.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിന്റെ നെഞ്ചിലേക്ക് വെടിയുതിർത്ത പാക്ക് ഭീകരരെ രാജ്യം ഒരൊറ്റ മനസ്സോടെ നേരിട്ടത് മൂന്ന് ദിനരാത്രങ്ങളാണ്. ഒൻപത് ഭീകരവാദികളെയും എൻ എസ് ജി (ദേശീയ സുരക്ഷാ സേന) കൊലപ്പെടുത്തി. പാക്ക് പൗരൻ അജ്മൽ കസബിനെ ജീവനോടെ പിടികൂടാനായത് ഭീകരപ്രവർത്തനങ്ങളിലെ പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കുന്നതിൽ നിർണായകമായി. കസബിനെ 2012 നവംബർ 21ന് തൂക്കിലേറ്റി. മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കർക്കറെ, മലയാളി എൻ എസ് ജി കമാൻഡോ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ തുടങ്ങി രാജ്യത്തെ മുറിപ്പെടുത്തിയവരെ നേരിടാനെത്തി ജീവൻ പൊലിഞ്ഞ ധീരർ ഏറെയുണ്ട്. നഗരം പതിയെ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെങ്കിലും ആ ദിനങ്ങൾ ഇന്നും രാജ്യത്തിന് നടുക്കുന്ന ഓർമ്മയാണ്.

Exit mobile version