Site iconSite icon Janayugom Online

ആലപ്പുഴയില്‍ 28 കോടിയുടെ കൃഷിനാശം

വേനൽമഴയിൽ ജില്ലയിൽ കർഷകർക്ക് കണ്ണീർക്കൊയ്ത്ത്. ജില്ലയിൽ സംഭവിച്ച കൃഷിനാശത്തിന്റെ തോത് ദിനംപ്രതി ഉയരുകയാണ്. കൃഷിവകുപ്പിന്റെ കണക്ക് പ്രകാരം ഇതുവരെ 1511 ഹെക്ടർ വിസ്തൃതിയിലുള്ള നെൽകൃഷി പാടെ നശിച്ചു. മറ്റ് വിളകളും കൂടി കണക്കാക്കുമ്പോൾ കാർഷിക മേഖലയിൽ മാത്രം നഷ്ടം 28 കോടി രൂപ കവിഞ്ഞു. നാശനഷ്ടം ഇനിയും ഉയരാനാണ് സാധ്യത.

മഴ തുടരുമെന്ന കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉള്ളതിനാൽ കുട്ടനാട് അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടനാട്- അപ്പർകുട്ടനാട് മേഖലയിൽ പാടശേഖരങ്ങളിൽ മടവീഴ്ചയും തുടരുകയാണ്.

ഇതുവരെ 15 ഓളം പാടശേഖരങ്ങൾ മടവീണു കഴിഞ്ഞു. തകഴി കൃഷിഭവനിൽപ്പെട്ട ചെക്കടിക്കാട് തെക്കേവല്ലിശ്ശേരി പാടത്ത് വെള്ളക്കെട്ട് തുടരുന്നത് കാരണം കൊയ്ത്ത് ഉപേക്ഷിക്കേണ്ടി വന്നു. നാശനഷ്ടം സംഭവിച്ച മുഴുവൻ കർഷകർക്കും അർഹമായ ആനുകൂല്യങ്ങൾ നൽകുമെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

വേനല്‍മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത് കുട്ടനാട്, ചേർത്തല, മാവേലിക്കര, ഹരിപ്പാട് താലുക്കിലാണ്. ചേർത്തലയിലും മാവേലിക്കരയിലുമായി 12 വീടുകൾ ഭാഗികമായി നശിച്ചു. 12 ലക്ഷം രൂപയുടെ നഷ്ടമാണ് റവന്യു വകുപ്പ് കണക്കാക്കുന്നത്. പലയിടങ്ങളിലും വൈദ്യുതി തടസവും നേരിട്ടു.

കെഎസ്ഇബിക്കും നഷ്ടം സംഭവിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ജനങ്ങളെ മാറ്റേണ്ട സാഹചര്യം ഉണ്ടായാൽ നേരിടേണ്ട എല്ലാ ഒരുക്കങ്ങളും ദുരന്തനിവാരണ സേന പൂർത്തിയാക്കിയിട്ടുണ്ട്.

Eng­lish sum­ma­ry; 28 crore crop dam­age in Alappuzha

You may also like this video;

Exit mobile version