കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന നടപടിക്കെതിരെ 28ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കാന്‍ കിസാന്‍ സഭ തീരുമാനിച്ചു.
കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയക്കുക, കള്ളക്കേസുകള്‍ പിന്‍വലിക്കുക, കുറഞ്ഞ താങ്ങുവിലയ്ക്ക് നിയമ പ്രാബല്യം നല്‍കുക, കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷക വിരുദ്ധ നയങ്ങള്‍ ഉപേക്ഷിക്കുക, അടിച്ചമര്‍ത്തല്‍ നടപടികളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, കാർഷിക വിപണനത്തെക്കുറിച്ചുള്ള ദേശീയ നയ ചട്ടക്കൂട് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുമാണ് പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് പ്രസിഡന്റ് രാജന്‍ ക്ഷീരസാഗര്‍, ജനറല്‍ സെക്രട്ടറി ആര്‍ വെങ്കയ്യ എന്നിവര്‍ അറിയിച്ചു.
ശംഭു, കനൗരി അതിര്‍ത്തിയില്‍ കര്‍ഷക സമരപ്പന്തലുകള്‍ പൊളിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയെ കിസാന്‍ സഭ അപലപിച്ചു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരുമായി ചേർന്ന് പഞ്ചാബിലെ ആം ആദ്മി പാർട്ടി നടത്തുന്ന ഈ അടിച്ചമർത്തൽ, കർഷകരുടെ അവകാശങ്ങൾക്കും ജനാധിപത്യപരമായ വിയോജിപ്പുകൾക്കുമെതിരായ കടന്നാക്രമണമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

