Site iconSite icon Janayugom Online

അഡാനിക്ക് എല്‍ഐസിയുടെ മൂന്നരലക്ഷം കോടി; മോഡി സര്‍ക്കാരിന്റെ വഴിവിട്ട സഹായം

കടക്കെണിയിലായ അഡാനിക്ക് വീണ്ടും നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വഴിവിട്ട സഹായം. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്‍ (എല്‍ഐസി) നിക്ഷേപം കേന്ദ്രസര്‍ക്കാര്‍ വിട്ടുനല്‍കി. വിവിധ അഡാനി കമ്പനികളിൽ എൽഐസിയുടെ 390 കോടി ഡോളർ (മൂന്നര ലക്ഷം കോടി രൂപ) നിക്ഷേപിക്കാനാണ് മോഡി സർക്കാരിന്റെ പദ്ധതി. ഇതിനായി ധനമന്ത്രാലയം സമ്മര്‍ദം ചെലുത്തിയതായും ആദ്യഘട്ട നിക്ഷേപങ്ങൾ തുടങ്ങിയതായും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര തലത്തിൽ തിരിച്ചടി നേരിടുകയും രാജ്യാന്തര സഹായം ലഭിക്കാത്തതുമായ സാഹചര്യത്തിലാണ് അഡാനിയെ രക്ഷിക്കാന്‍ മോഡി സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. 

അഡാനിക്കായി എല്‍ഐസി നിക്ഷേപം വഴിതിരിച്ചുവിടുന്നതിനുള്ള നീക്കം കഴിഞ്ഞ മേയ് മാസത്തിൽ തന്നെ അധികൃതർ മുന്നോട്ടുവച്ചിരുന്നു. കേന്ദ്ര ധനമന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ് (ഡിഎസ്എഫ്), എൽഐസി, നിതി ആയോഗ് എന്നിവർ ചേര്‍ന്ന് അഡാനി ഗ്രൂപ്പ് ബോണ്ടുകളിലേക്കും ഇക്വിറ്റിയിലേക്കും കോടിക്കണക്കിന് നിക്ഷേപം നടത്താൻ തീരുമാനമെടുത്തതായി രേഖകൾ വ്യക്തമാക്കുന്നു. നിലവിലെ ബാധ്യതകൾ പരിഹരിക്കുന്നതിനായി അഡാനിയുടെ തുറമുഖ അനുബന്ധ സ്ഥാപനം ഒരു ബോണ്ട് ഇഷ്യുവിലൂടെ ഏകദേശം 58.50 കോടി ഡോളർ സമാഹരിക്കേണ്ടിയിരുന്ന സമയത്തായിരുന്നു എല്‍ഐസിയുടെ സഹായം. 58.50 കോടി ഡോളർ എൽഐസി നിക്ഷേപം നടത്തിയതായി മേയ് 30 ന് അഡാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഇത് പൊതു ഫണ്ടിന്റെ ദുരുപയോഗമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

അടുത്തിടെ അഡാനിക്കെതിരെ യുഎസ് അധികൃതർ കൈക്കൂലി, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു. അതോടെ വായ്പയ്ക്ക് ശ്രമിച്ച നിരവധി അമേരിക്കൻ, യൂറോപ്യൻ ബാങ്കുകൾ അഡാനിയെ സഹായിക്കാൻ മടികാണിച്ചു. ഈ സാഹചര്യത്തിലായിരുന്നു മോഡി സർക്കാരിന്റെ ഇടപെടൽ. ഏകദേശം 340 കോടി ഡോളർ വരുന്ന നിക്ഷേപം കൂടി അഡാനി ഗ്രൂപ്പിന്റെ രണ്ട് ഉപസ്ഥാപനങ്ങളിലേക്ക് വിഭജിച്ചു നൽകാന്‍ ധനമന്ത്രാലയം എൽഐസിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അഡാനി ഗ്രൂപ്പില്‍ നിക്ഷേപകർക്കുള്ള വിശ്വാസം വർധിപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു ഈ നടപടി. ആ​ഗോള ക്രെഡിറ്റ് ഏജൻസികൾ അഡാനി ഗ്രൂപ്പിന്റെ റേറ്റിങ് വെട്ടിക്കുറച്ചിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് അഡാനി ഗ്രൂപ്പിന്റെ കടബാധ്യതയിൽ 20 % വര്‍ധനവും ഉണ്ടായി. 

ഇതൊന്നും കണക്കിലെടുക്കാതെയാണ് എല്‍ഐസി നിക്ഷേപം. രാജ്യത്തെ കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലേക്ക് നികുതിദായകരുടെ പണം തിരിച്ചുവിടാനുള്ള ഇന്ത്യൻ അധികാരികളുടെ വലിയ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ് എൽഐസി വഴി നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ സമ്പാദ്യം സംരക്ഷിക്കുന്ന എൽഐസി ഇത്തരം കേന്ദ്രീകൃത നിക്ഷേപങ്ങളിലൂടെ സാമ്പത്തികമായി അപകടത്തിലാകുമെന്ന് സാമ്പത്തിക വിദ​ഗ്ധരും ചൂണ്ടിക്കാട്ടി. അതേസമയം നിക്ഷേപം നടത്തിയതില്‍ വഴിവിട്ട താല്പര്യങ്ങളുണ്ടെന്ന വാര്‍ത്ത എല്‍ഐസി നിഷേധിച്ചു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് നിക്ഷേപമെന്നും എല്‍ഐസി വിശദീകരിച്ചു. എൽഐസി ഒന്നിലധികം കോർപ്പറേറ്റ് ഗ്രൂപ്പുകളിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും തങ്ങള്‍ക്ക് മുൻഗണന നൽകുന്നു എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അഡാനി ഗ്രൂപ്പും പ്രതികരിച്ചു. തങ്ങളുടെ കമ്പനികളിലെ നിക്ഷേപത്തില്‍ നിന്നും എൽഐസി വരുമാനം നേടിയിട്ടുണ്ടെന്നും അഡാനി ഗ്രൂപ്പ് പറയുന്നു. 

Exit mobile version