ചെങ്ങന്നൂർ കിഴക്കേനട സർവിസ് സഹകരണബാങ്കിൽ (നമ്പർ 3351) മൂന്ന് കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ വിജിലൻസിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ബാങ്ക് സഹകാരിയും പൊതുപ്രവർത്തകനുമായ രമേശ് ബാബു വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ആർഎസ്എസ്-ബിജെപി നേതാക്കളുടെ പങ്കാളിത്തമുള്ള ഭരണസമിതിക്കെതിരെ നിയമപരമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരുമാസം മുമ്പ് വിജിലൻസിന് പരാതി നൽകിയെങ്കിലും കേസെടുക്കാൻ ഡയറക്ടറുടെ അനുമതി വേണമെന്ന നിലപാടിലാണവർ.
ആർഎസ്എസ്, മഹിള മോർച്ച, ബിഎംഎസ് അടക്കമുള്ള സംഘടനാനേതാക്കളായ ഭരണസമിതി യഥാർഥ ഉടമകൾ അറിയാതെ വ്യാജരേഖ ഉപയോഗിച്ച് വിവിധപേരുകളിൽ ലക്ഷങ്ങളുടെ വായ്പാതട്ടിപ്പാണ് നടത്തിയത്. മാന്നാർ നായർസമാജം സ്കൂളിലെ അധ്യാപകർ ജാമ്യത്തിനായി നൽകിയ സാലറി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പലരുടെ പേരിലും വ്യാജവായ്പയെടുത്തു. മുൻ പ്രസിഡന്റിന്റെ പേരിലെ എസ് ബി അക്കൗണ്ടിലേക്ക് മാത്രം ലക്ഷങ്ങളാണ് കൈമാറിയത്. കൂടാതെ സെക്രട്ടറിയുടെ ഡിജിറ്റൽ ഒപ്പ് ദുരുപയോഗം ചെയ്ത് ഒരേ ഈടിന്മേലുള്ള വസ്തുവിന് 10 വായ്പകളും ഉൾപ്പെടെ ലക്ഷങ്ങളുടെ തിരിമറിയാണ് നടത്തിയത്.
2019–2020 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ 28 ലക്ഷം രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടായെന്ന് കണ്ടെത്തി. ഭരണസമിതി പ്രസിഡന്റ് ഉൾപെടുന്ന കമ്മിറ്റി കോടികളുടെ സാമ്പത്തികക്രമക്കേട് നടത്തിയെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ടിലുണ്ട്. എന്നിട്ടും നിയമപരമായി കേസെടുക്കാതെ പലതും ഒതുക്കി തീർക്കുകയാണ്. അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടായില്ല. കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടിക്രമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജിനൽകുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: 3 Crore fraud in Chengannur East Cooperative Bank
You may also like this video