Site iconSite icon Janayugom Online

ഛത്തീസ് ഗഢില്‍ 30 മാവോവാദികളെ സുരക്ഷാസേന എറ്റുമുട്ടലില്‍ വധിച്ചു

ഛത്തീസ് ഗഢില്‍ 30 മാവോവാദികളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉള്‍പ്പെടെയുള്ള മാവോവാദികളെയാണ് ഏറ്റുമുട്ടലില്‍ വധിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലെ അബുജംദ് വനമേഖലയില്‍ ഇന്ന് രാവിലെയാണ് മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മുതിര്‍ന്ന മാവാവോദി നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഛത്തീസ്ഗഢ് പോലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡ് അംഗങ്ങള്‍ വനമേഖലയില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് മാവോവാദികള്‍ ജവാന്മാര്‍ക്ക് നേരേ വെടിയുതിര്‍ത്തെന്നും ഇതോടെ സുരക്ഷാസേന തിരിച്ചടിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

നാരായണ്‍പുര്‍, ബിജാപുര്‍, ദന്തേവാഡ ജില്ലകളില്‍നിന്നുള്ള ഡിആര്‍ജി അംഗങ്ങളാണ് ബുധനാഴ്ചത്തെ ഓപ്പറേഷനില്‍ പങ്കെടുത്തത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബാസവരാജ് നിരോധിതസംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) യുടെ ജനറര്‍ സെക്രട്ടറിയായിരുന്നു. 1970 മുതല്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു.

Exit mobile version