Site iconSite icon Janayugom Online

നെെജീരിയയില്‍ 303 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി

ആഫ്രിക്കന്‍ രാജ്യമായ നെെജീരിയയില്‍ 315 വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയി. കെബ്ബിയിലെ സെക്കൻഡറി സ്കൂളിൽ അതിക്രമിച്ചുകയറി 25 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് നെെജറിലെ സെന്റ് മേരിസ് കോ എജ്യുക്കേഷന്‍ സ്കൂളില്‍ സംഭവം നടന്നത്. ട്ടിക്കൊണ്ടുപോയവരില്‍ 303 വിദ്യാര്‍ത്ഥികളും 12 അധ്യാപകരും ഉള്‍പ്പെടുന്നതായി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (സിഎഎൻ) അറിയിച്ചു. തട്ടിക്കൊണ്ടുപോകപ്പെട്ട വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും എണ്ണത്തെക്കുറിച്ച് നൈജീരിയൻ സർക്കാർ പ്രതികരിച്ചിട്ടില്ല. അതേസമയം, സമീപ സംസ്ഥാനങ്ങളായ കാറ്റ്സിന, പ്ലാറ്റോ എന്നിവിടങ്ങളിലെ എല്ലാ സ്കൂളുകള്‍ മുൻകരുതൽ നടപടിയായി അടച്ചിടാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. നൈജർ സംസ്ഥാന സർക്കാർ നിരവധി സ്കൂളുകൾ അടച്ചുപൂട്ടി. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി പ്രസിഡന്റ് ബോല ടിനുബു ജി 20 ഉച്ചകോടി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര പരിപാടികൾ റദ്ദാക്കി. നൈജീരിയയിൽ ക്രിസ്ത്യാനികളുടെ കൂട്ടക്കൊലപാതത്തിനെതിരെ സൈനിക നടപടിയെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് രണ്ട് തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളും നടന്നത്. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു പള്ളിയിൽ നടന്ന ആക്രമണവും നടന്നിരുന്നു. ഇതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 

വടക്കുകിഴക്കൻ ബോർണോ സംസ്ഥാനത്തെ ചിബോക്കിൽ നിന്ന് 10 വര്‍ഷം മുമ്പ് 300 ഓളം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. അവരില്‍ ഭൂരിഭാഗം പേരെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ല. വർഷങ്ങളായി, വടക്കുപടിഞ്ഞാറൻ, മധ്യ നൈജീരിയയിലെ ഗ്രാമപ്രദേശങ്ങളിൽ വൻതോതിൽ ആയുധധാരികളായ ക്രിമിനൽ സംഘങ്ങൾ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ആളുകളെ കൊല്ലുകയും മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ നടത്തുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. സാംഫാര, കാറ്റ്സിന, കടുന, സൊകോട്ടോ, കെബ്ബി, നൈജർ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിശാലമായ വനത്തിലാണ് ഈ സംഘങ്ങൾക്ക് ക്യാമ്പുകൾ ഉള്ളത്. കെബ്ബിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടികളെ കടുന സംസ്ഥാനത്തെ ബിർനിൻ ഗ്വാരി വനത്തിലേക്ക് കൊണ്ടുപോയിരിക്കാമെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. 

Exit mobile version