Site iconSite icon Janayugom Online

ചേലക്കരയിൽ 3,081 കുടുംബങ്ങള്‍ക്ക് ‘ലൈഫ്‌ ’ നൽകി

ആരാലും തിരിഞ്ഞുനോക്കപ്പെടാതെ ഇരുളില്‍ കഴിഞ്ഞ നിരവധി ജീവിതങ്ങള്‍ക്ക് വെളിച്ചമേകി ചേലക്കരയെ ചേര്‍ത്തുപിടിച്ചത് ഇടതുപക്ഷ സര്‍ക്കാരാണ്. പ്രളയവും കോവിഡും ദുരിതങ്ങള്‍ മാത്രം സമ്മാനിച്ചപ്പോള്‍ നാട് പട്ടിണിയാകാതെ സംരക്ഷിച്ചു. പുറമ്പോക്ക് ഭൂമിയിലെ പൊളിയാറായ വീടുകളിലെ താമസമൊക്കെ ഇന്ന് പഴങ്കഥയാണ്. മഴ പെയ്താല്‍ ചോരാത്ത, ആരെയും പേടിക്കാതെ കിടന്നുറങ്ങാൻ സാധിക്കുന്ന അടച്ചുറപ്പുള്ള വീടുകളാണ് സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്കായി ഒരുക്കിയത്. ലൈഫ് പദ്ധതി വഴി പൂര്‍ത്തിയായത് 3,081 വീടുകളാണ്. ആകെ 4,019 വീടുകളാണ് അനുവദിച്ചിട്ടുള്ളത്. ഇനി 1010 വീടുകള്‍ കൂടിയാണ് നിര്‍മ്മിക്കാനുള്ളത്.

മുടങ്ങാതെ തേടിവരുന്ന സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പെന്‍ഷനും ഏറെ ആശ്വാസമാണ്. 2018ലെ പ്രളയത്തില്‍ കൊറ്റമ്പത്തൂരില്‍ ഉരുള്‍പൊട്ടി നാല് യുവാക്കള്‍ മരിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അവിടെ കഴിഞ്ഞിരുന്ന 19 കുടുംബങ്ങളെ യു ആര്‍ പ്രദീപിന്റെയും കെ രാധാകൃഷ്ണന്റെയും ഇടപെടലിലൂടെയാണ് ദേശമംഗലത്തെ എസ്റ്റേറ്റ് പടിയില്‍ ഭവനങ്ങള്‍ നിര്‍മ്മിച്ച് മാറ്റിപ്പാര്‍പ്പിച്ചത്. ഉരുള്‍ പൊട്ടി സര്‍വതും നശിച്ചപ്പോള്‍ ഒട്ടും വൈകാതെ തന്നെ കൊറ്റമ്പത്തൂരുകാരുടെ പുനരധിവാസത്തിന് തുടക്കം കുറിക്കുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍.

പുനരധിവാസത്തിനായി ദേശമംഗലം എസ്റ്റേറ്റ് പടിയില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ ഡോ. ഉഷാ രാമകൃഷ്ണന്‍ രണ്ടേക്കര്‍ ഭൂമി സൗജന്യമായി നല്‍കി. തുടര്‍ന്ന് അന്നത്തെ എംഎല്‍എ ആയിരുന്ന യു ആര്‍ പ്രദീപിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 28 ലക്ഷം രൂപയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ ഇടപെട്ട് 1.40 ലക്ഷം രൂപയും അനുവദിക്കുകയായിരുന്നു. ഓരോ കുടുംബത്തിനും അഞ്ച് സെന്റ് വീതം ഭൂമി നല്‍കി പട്ടയവും കൈമാറി. ലൈഫ് പദ്ധതിയിലൂടെ നാല് ലക്ഷം രൂപ വീതം അനുവദിച്ചു. യു ആര്‍ പ്രദീപിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും 2.30 ലക്ഷം രൂപ വീതം നല്‍കിയാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. 19 വീടുകളിലേക്ക് വൈദ്യുതിയും കുടിവെള്ള കണക്ഷനും എത്തിച്ചുനല്‍കുകയും ചെയ്തു.

2021ല്‍ കെ രാധാകൃഷ്ണന്‍ മന്ത്രി ആയിരിക്കെയാണ് വീടുകളുടെ രേഖ കൈമാറിയത്. കൂലിപ്പണിക്കാരായ ഇവർക്ക് താമസിക്കുന്ന വീടിന് പട്ടയമില്ലാത്തത് ആശങ്കയ്ക്കിടയാക്കിയിരുന്നു. അവസ്ഥ പരിഗണിച്ച് റവന്യു മന്ത്രി കെ രാജന്റെ ഇടപെടലില്‍ വെെകാതെ പട്ടയം അനുവദിച്ചു. 19 കുടുംബങ്ങളും സംസ്ഥാനതല പട്ടയമേളയിലെത്തി റവന്യുമന്ത്രിയില്‍ നിന്നും പട്ടയങ്ങൾ ഏറ്റുവാങ്ങി സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് തിരികെപ്പോയത്. കാലവര്‍ഷക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി 3.80 കോടി രൂപയാണ് റവന്യു വകുപ്പ് ചെലവഴിച്ചിട്ടുള്ളത്.

അസൗകര്യങ്ങള്‍ക്ക് നടുവില്‍ ജീവിച്ചിരുന്ന കുടുംബങ്ങള്‍ക്ക് തലചായ്ക്കാൻ — തണലേകാൻ ആവിഷ്കരിച്ച ഭവനപൂര്‍ത്തീകരണ പദ്ധതിയായ സേഫ് പദ്ധതിയുടെ പ്രയോജനവും ചേലക്കരക്കാര്‍ക്ക് ലഭിച്ചിരുന്നു.

Exit mobile version