Site iconSite icon Janayugom Online

30-ാമത് ഐഎഫ്എഫ്കെ കൊടിയിറങ്ങി; ടു സീസൺസ് ടു സ്ട്രേഞ്ചേഴ്സിന് സുവർണ ചകോരം

30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം ജാപ്പനീസ് ചലച്ചിത്രമായ ‘ടു സീസൺസ് ടു സ്ട്രേഞ്ചേഴ്സ്’ സ്വന്തമാക്കി. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. മനുഷ്യബന്ധങ്ങളുടെ സങ്കീർണതയും വൈകാരിക ബന്ധത്തിന്റെ ആഴവും പ്രമേയമാക്കി ഷോ മിയാക്കി സംവിധാനം ചെയ്ത ഈ ചിത്രം ആസ്വാദക ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു.

മികച്ച സംവിധായകനുള്ള രജതചകോര പുരസ്കാരം അർജന്റീനിയൻ ചിത്രം ‘ബിഫോർ ദ ബോഡി‘യുടെ സംവിധായകരായ കരീന പിയാസയ്ക്കും ലൂസിയ ബ്രാസെലിസിനും ലഭിച്ചു. നാല് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. പതിനാല് സിനിമകളാണ് ഇത്തവണയും അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ സുവർണ ചകോരത്തിനായി മാറ്റുരച്ചത്. ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസലൂഫ് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്.

മികച്ച ചിത്രത്തിനുള്ള ഫിപ്രസ്കി അവാർഡ് സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ഖിഡ്കി ഗാവ്’ സ്വന്തമാക്കി. ഉണ്ണികൃഷ്ണൻ ആവളയുടെ ‘തന്തപ്പേര്’ പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി. പ്രേക്ഷകപ്രീതിയാർജിച്ച ചിത്രത്തിനുള്ള ഓഡിയൻസ് പോൾ അവാർഡും തന്തപ്പേര് സ്വന്തമാക്കി.

മികച്ച നവാഗത ഇന്ത്യൻ സംവിധായകർക്കുള്ള കെ ആർ മോഹനൻ അവാർഡ് തനുശ്രീ ദാസ്, സൗമ്യാനന്ദ സാഹി എന്നിവർ പങ്കിട്ടു. ഇവരുടെ തന്നെ സംവിധാന മികവിൽ ഒരുങ്ങിയ ചിത്രത്തിനാണ് മികച്ച നവാഗത ചിത്രത്തിനുള്ള രജത ചകോരവും ലഭിച്ചത്. മലയാള സിനിമയിലെ മികച്ച നവാഗത സംവിധായകനുള്ള ഫിപ്രസ്കി അവാർഡ് ഫാസിൽ റസാഖ് സ്വന്തമാക്കി.

നെറ്റ്പാക് പുരസ്കാരങ്ങളിൽ മികച്ച ഏഷ്യൻ സിനിമയായി ‘സിനിമ ജസീറ’ തെരഞ്ഞെടുക്കപ്പെട്ടു. മലയാള വിഭാഗത്തിൽ ‘ഖിഡ്കി ഗാവ്’, ‘തന്തപ്പേര്’ എന്നീ ചിത്രങ്ങൾ മികച്ച നേട്ടം കൈവരിച്ചു. സാങ്കേതിക മികവിനായി ‘ബ്ലാക്ക് റാബിറ്റ് വൈറ്റ് റാബിറ്റ്’ പ്രത്യേക ജൂറി പരാമർശത്തിന് അർഹമായപ്പോൾ, അഭിനയ മികവില്‍ ഷാഡോ ബോക്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് തിലോത്തമ ഷോമെയ്ക്ക് പ്രത്യേക പരാമർശം ലഭിച്ചു.

Exit mobile version