Site iconSite icon Janayugom Online

ഗാസയിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ 33 മരണം ; കൊല്ലപ്പെട്ടവരിൽ ഹമാസിന്റെ സീനിയർ കമാൻഡറുമുണ്ടെന്ന് ഇസ്രയേൽ

പോളിയോ വാക്സിനേഷന്റെ മൂന്നാം ദിനമായ ഇന്നലെ വെടിനിർത്തൽ സമയപരിധി അവസാനിച്ചതിനു തൊട്ടുപിന്നാലെ വടക്കൻ ഗാസയിലും തെക്കൻ ഗാസയിലും ഇസ്രായേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 33 മരണം . കൊല്ലപ്പെട്ടവരിൽ ഹമാസിന്റെ സീനിയർ കമാൻഡറുമുണ്ടെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. വടക്കൻ ഗാസയിലെ ജബാലിയയിൽ നടത്തിയ ബോംബാക്രമണത്തിൽ അഭയകേന്ദ്രമായ സ്കൂളിനുമുന്നിൽ ഭക്ഷണത്തിനു വരിനിന്ന 8 പലസ്തീൻകാർ കൊല്ലപ്പെട്ടു. ബോംബാക്രമണം പുനരാരംഭിച്ചു. തെക്കൻ ഗാസയിലെ റഫയിൽ 4 സ്ത്രീകളും ഗാസ സിറ്റിയിലെ അൽ അഹ്‌ലി അറബ് ആശുപത്രിക്കു സമീപം 8 പേരും കൊല്ലപ്പെട്ടു. ഇതുൾപ്പെടെ 24 മണിക്കൂറിനുള്ളിൽ 33 പാലസ്തീൻകാരാണ് കൊല്ലപ്പെട്ടത്.

 

ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 40,819 പാലസ്തീൻകാർ കൊല്ലപ്പെട്ടു. 94,291 പേർക്കു പരുക്കേറ്റു. വെസ്റ്റ്ബാങ്കിലെ തുൽകരിമിൽ 14 വയസ്സുള്ള ആൺകുട്ടിയെയും 16 വയസ്സുള്ള പെൺകുട്ടിയെയും ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു. ജെനിനിലും ആക്രമണം തുടരുന്നു. വടക്കൻ ഗാസയിൽ ഹമാസിന്റെ ഒരു കിലോമീറ്റർ തുരങ്കം തകർത്തതായി ഇസ്രയേ‍ൽ സേന പറഞ്ഞു. 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളിൽ കാ‍ൽഭാഗത്തോളം പേർക്ക് വാക്സിനേഷൻ പൂർത്തിയായതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ആകെ 640,000 കുട്ടികൾക്കുള്ള പോളിയോ വാക്സിനേഷനാണു ലക്ഷ്യമിടുന്നത്. ത്വക്കുരോഗം ഉൾപ്പെടെ പടർന്ന് ഇസ്രയേലിലെ ജയിലുകളിലെ പലസ്തീൻ തടവുകാരുടെ ദുരിതം ഇരട്ടിയായതായി റിപ്പോർട്ടുകളുണ്ട്.

 

Exit mobile version