Site iconSite icon Janayugom Online

ഒരുവര്‍ഷം കൊലപ്പെടുത്തിയത് 335 മാവോയിസ്റ്റുകളെ; 2,167 പേര്‍ കീഴടങ്ങി

2025ല്‍ കേന്ദ്ര സേനകള്‍ കൊന്നുതള്ളിയത് 335 മാവോയിസ്റ്റുകളെ. ഈ ഒരു വര്‍ഷത്തില്‍ 2,167 മാവോയിസ്റ്റുകള്‍ കീഴടങ്ങി. കൂടാതെ 942 പേരെ അറസ്റ്റ് ചെയ്തതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ അറിയിച്ചു. 2014 മുതല്‍ 1,841 മാവോയിസ്റ്റുകളെ വധിച്ചു. 16,000ത്തിലധികം പേരെ അറസ്റ്റ് ചെയ്യുകയും 9,588 പേര്‍ കീഴടങ്ങുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ബിജെപി എംപിമാരായ ദര്‍ശന്‍ സിങ് ചൗധരി, ഹരിഭായ് പട്ടേല്‍, മഹേഷ് കശ്യപ് എന്നിവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മാവോയിസ്റ്റ് വേട്ടയുടെ ചിത്രം പരസ്യമാക്കിയത്. മാവോയിസ്റ്റ് സംഘടനകള്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. 2014 — 15 മുതല്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം അമര്‍ച്ച ചെയ്യാന്‍ 3,523.4 കോടി രൂപ അനുവദിച്ചു. സുരക്ഷാ സേനാ പരിശീലനം, കീഴടങ്ങിയവരുടെ പുനരധിവാസം, ആക്രമണത്തിനിടെ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബത്തിന് നഷ്ടപരിഹാരം എന്നിവയ്ക്കാണ് ഫണ്ട് അനുവദിച്ചത്. 

ഇടതുപക്ഷ തീവ്രവാദം ബാധിച്ച ജില്ലകളുടെ എണ്ണം 18ല്‍ നിന്ന് 11 ആയി കുറഞ്ഞു. 2025 ല്‍ ഛത്തീസ്ഗഢിലെ ബിജാപൂര്‍, സുക്മ, നാരായണ്‍പൂര്‍ എന്നീ ജില്ലകളിലാണ് മാവോയിസ്റ്റ് ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ചത്. കഴിഞ്ഞമാസം മാവോയിസ്റ്റ് വേട്ടയില്‍ മാധ്വി ഹിദ്മ അടക്കമുള്ള നേതാക്കളെ വധിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളായ അനന്ത് എന്ന വികാസ്, നാഗ്പുരെ ഭൂപതി എന്ന മല്ലോജുല വേണുഗോപാല്‍ റാവു തുടങ്ങിയവര്‍ കീഴടങ്ങുകയും ചെയ്തിരുന്നു.
ഹിദ്മ വ്യാജ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തു. പ്രദേശവാസികള്‍ ഏറ്റുമുട്ടല്‍ നടക്കുന്ന വിവരമോ വെടിയൊച്ചയോ കേട്ടിരുന്നിലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാവോയിസ്റ്റ് വേട്ടയുടെ മറവില്‍ വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് സുരക്ഷാ സേന നടത്തുന്ന മനുഷ്യാവകാശ ലംഘനം പ്രതിപക്ഷ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ചോദ്യം ചെയ്തിരുന്നു. 

Exit mobile version