Site iconSite icon Janayugom Online

33,746 പോളിങ് സ്റ്റേഷനുകള്‍, 1.80 ലക്ഷം ഉദ്യോഗസ്ഥര്‍; പഞ്ചായത്ത് തലത്തില്‍ മൂന്ന് വോട്ട്, നഗരസഭയിൽ ഒരു വോട്ട്

തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് സ്റ്റേഷനിലെത്തുന്ന ഒരു വോട്ടര്‍ പഞ്ചായത്ത് തലത്തില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് മൂന്ന് വോട്ടും നഗരസഭാ തലത്തിൽ ഒരു വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്. സംസ്ഥാനത്ത് 33,746 പോളിങ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജമാക്കിയിരിക്കുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കായി 28,127ഉം മുനിസിപ്പാലിറ്റികൾക്ക് 3604 ഉം കോർപറേഷനുകൾക്ക് 2015 പോളിങ് സ്റ്റേഷനുകളുമാണുളളത്. 

ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിംഗ് ഓഫിസർ, മൂന്ന് പോളിങ് ഓഫിസർമാർ എന്നിവരുണ്ടാവും. വോട്ടെടുപ്പിനും അനുബന്ധകാര്യങ്ങള്‍ക്കുമായി 1,80,000 ഉദ്യോഗസ്ഥരെ നിയോഗിക്കും. വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഹൈദരാബാദ് ആസ്ഥാനമായ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ആണ് നിർമ്മിച്ചത്. ഇവയുടെ പരിശോധന പൂര്‍ത്തിയായി. 50,693 കൺട്രോൾ യൂണിറ്റുകളും 1,37,922 ബാലറ്റ് യൂണിറ്റുകളുമാണ് തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയിട്ടുളളത്. പരിശോധന പൂർത്തിയാക്കിയ മെഷീനുകളിൽ വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് കാൻഡിഡേറ്റ് സെറ്റിങ് നടത്തും. 

ത്രിതല പഞ്ചായത്തുകളിൽ ഓരോ പോളിങ് സ്റ്റേഷനിലും ഒരു കൺട്രോൾ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും. വോട്ടെടുപ്പ് ദിവസം രാവിലെ ആറിന് മോക്പോൾ നടത്തും. ഒരു ബാലറ്റ് യൂണിറ്റിൽ പരമാവധി 15 സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവുമാണ് രേഖപ്പെടുത്തുന്നത്. 15ൽ അധികം സ്ഥാനാർത്ഥികൾ ഉണ്ടായാല്‍ അധിക ബാലറ്റ് യൂണിറ്റ് സജ്ജമാക്കും. ഇവിഎമ്മുകൾ വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് ജില്ലാ വെയർഹൗസിൽ നിന്ന് വരണാധികാരികൾക്ക് ലഭ്യമാക്കും. തിരഞ്ഞെടുപ്പിനായി വരണാധികാരികളെയും ഉപവരണാധികാരികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്റെ വരണാധികാരി ജില്ലാകളക്ടറാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് ഒന്ന് വീതവും മുനിസിപ്പാലിറ്റി, കോർപറേഷനുകൾക്ക് വാർഡുകളുടെ എണ്ണത്തിനനുസരിച്ച് ഒന്നിലധികവും വരണാധികാരികളുണ്ടാവും. ആകെ 1249 വരണാധികാരികളാണുളളത്. പോളിങ് ബൂത്തുകളില്‍ വൈദ്യുതി, കുടിവെളളം, റാമ്പ്, സുഗമമായ വോട്ടിങ്ങിനും വിശ്രമിക്കുന്നതിനുമുളള സൗകര്യം എന്നിവ ഏർപ്പെടുത്തും. ത്രിതല പഞ്ചായത്തുകളിലെ വോട്ടിങ് യന്ത്രങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപറേഷനുകളെ സംബന്ധിച്ച് അതത് സ്ഥാപന തലത്തിലുമാണ് വിതരണ, സ്വീകരണ കേന്ദ്രങ്ങൾ സജ്ജമാക്കുക. വോട്ടെണ്ണലും ഇതേ കേന്ദ്രങ്ങളിൽ ആയിരിക്കും. ആകെ 244 കേന്ദ്രങ്ങൾ ഉണ്ടാകും.

Exit mobile version