Site iconSite icon Janayugom Online

വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു

വിയറ്റ്നാമിൻ്റെ വടക്കൻ പ്രദേശത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി 34 പേർ മരിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടം സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.
തലസ്ഥാനമായ ഹാനോയിയിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വിയറ്റ്നാമീസ് കുടുംബങ്ങളായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളിൽ കുറഞ്ഞത് എട്ട് പേർ കുട്ടികളാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചിലിന് കനത്ത മഴ തടസ്സമുണ്ടാക്കുന്നതായി രക്ഷാപ്രവർത്തകര്‍ പറഞ്ഞു. അപകടത്തിൽപ്പെട്ട 11 പേരെ ഇതിനോടകം രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം.

‘വണ്ടർ സീ’ എന്ന് പേരിട്ടിരിക്കുന്ന ബോട്ടില്‍ 48 യാത്രക്കാരും അഞ്ച് ജീവനക്കാരും 53 പേരായിരുന്നു ഉണ്ടായിരുന്നത്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് ബോട്ട് മുങ്ങിയതായാണ് വിയറ്റ്നാമീസ് ബോർഡർ ഗാർഡുകളുടെയും നാവികസേനയുടെയും പ്രസ്താവനയിൽ പറയുന്നത്. വിയറ്റ്നാമീസ് പ്രധാനമന്ത്രി ഫാം മിൻ ചിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു. അപകടകാരണം അധികൃതർ അന്വേഷിക്കുകയും നിയമലംഘനങ്ങൾ കർശനമായി കൈകാര്യം ചെയ്യുകയും ചെയ്യുമെന്ന് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. 

Exit mobile version