Site iconSite icon Janayugom Online

35 കോടി ജനങ്ങളെ മനുഷ്യരായി പരിഗണിക്കുന്നില്ല: ജസ്റ്റിസ് കെ ചന്ദ്രു

രാജ്യത്ത് 140 കോടി ജനങ്ങളിൽ 35 കോടിയെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ലെന്ന് ജസ്റ്റിസ് കെ ചന്ദ്രു. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാവേലിക്കരയിൽ നടത്തിയ ദളിത് അവകാശ സംരക്ഷണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഇപ്പോഴും ഇതൊരു ജനാധിപത്യ രാജ്യമാണെന്ന് കരുതുന്നുണ്ടോ? എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന ഭരണഘടന ഈ രാജ്യത്ത് ഇപ്പോഴും സാധുവാണെന്ന് കരുതുന്നുണ്ടോ? ഇതൊക്കെ കഴിഞ്ഞ കാലത്തെ കാര്യങ്ങളാണെന്ന് പറയുന്നവര്‍ കാണും. നിങ്ങൾ ഏതെങ്കിലും ഗ്രാമത്തിൽ പോയാൽ മതി, ശരിയായ അവസ്ഥ കാണാൻ കഴിയു‘മെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

കഴിഞ്ഞയാഴ്ച അമേരിക്കൻ ഹിന്ദു ഫൗണ്ടേഷൻ സമർപ്പിച്ച ഒരു ഹർജി അമേരിക്കൻ കോടതി തള്ളി. ഹിന്ദു ഫൗണ്ടേഷൻ അമേരിക്കയിലെ എല്ലാ ഹിന്ദുക്കളെയും പ്രതിനിധീകരിക്കുന്നില്ലെന്ന് അവർ പറഞ്ഞു; അതാണ് ആദ്യത്തെ പ്രസ്താവന. രണ്ടാമത്തെ പ്രസ്താവനയിൽ അവർ പറഞ്ഞത്, ജാതി വിവേചനം വംശീയ വിവേചനത്തിന് തുല്യമാക്കുന്നതിൽ തെറ്റില്ല എന്നാണ്. ഇത് ഒരു വിദേശ രാജ്യത്ത് സംഭവിക്കുന്നു. എന്നാല്‍ നമ്മുടെ സ്വന്തം രാജ്യത്ത് എല്ലാ ദിവസവും ദളിതര്‍ വിവേചനം നേരിടുന്നു. 

ഓരോ ദിവസവും തമിഴ്‌നാട്ടിൽ ഒരു കൊലപാതകം വീതം നടക്കുന്നുണ്ട്. അതിനെ ദുരഭിമാനക്കൊല എന്നാണ് വിളിക്കുന്നത്. ദളിതരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. ഇന്ത്യയിൽ ജാതി പ്രശ്നങ്ങളുണ്ടെന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി പ്രസാദ് മോഡറേറ്ററായി. സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ, പുന്നല ശ്രീകുമാർ, ഡോ. ടി എസ് ശ്യാംകുമാർ, മുല്ലശേരി രാമചന്ദ്രൻ, എൻ രാജൻ, മനോജ് ബി ഇടമന, എ ഷാജഹാൻ, എസ് വേണുഗോപാല്‍, സി എ അരുണ്‍കമാര്‍ തുടങ്ങിയവർ സംസാരിച്ചു.

Exit mobile version