Site iconSite icon Janayugom Online

പ്രതിഷേധങ്ങളില്‍ 35 മരണം; ഇറാനില്‍ യുഎസ് ഇടപെടലിനുള്ള സാധ്യത വര്‍ധിക്കുന്നു

വിലക്കയറ്റ വിരുദ്ധ പ്രതിഷേധങ്ങള്‍ വ്യാപകമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനില്‍ അമേരിക്കന്‍ ഇടപെടലിനുള്ള സാധ്യത വര്‍ധിക്കുന്നു. പ്രതിഷേധങ്ങളെത്തുടര്‍ന്നുള്ള സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 35 ആയി ഉയര്‍ന്നതോടെയാണ് യുഎസ് ഇടപെടല്‍ സംബന്ധിച്ച ആശങ്ക ഉടലെടുത്തത്. പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാല്‍ അമേരിക്ക അവരുടെ രക്ഷയ്ക്കെത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്തരത്തില്‍ ഇടപെടലുണ്ടായാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് ഇറാന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വെനസ്വേലയില്‍ ഏകപക്ഷീയമായി അധിനിവേശം നടത്തിയ പശ്ചാത്തലത്തില്‍ ഇറാനില്‍ ഇടപെടാനും അമേരിക്ക മടിക്കില്ലെന്നാണ് വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നത്. 

ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്കക്കൊപ്പം ചേര്‍ന്നുള്ള പദ്ധതിക്ക് ഇസ്രയേല്‍ ശ്രമം നടത്തുന്നുണ്ടെന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തതുപോലെ, യുഎസിന്റെ സഹായത്തോടെ ഇറാനില്‍ ഭരണമാറ്റത്തിനുള്ള സാധ്യതയും ഇസ്രയേല്‍ പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലി ചാര ഏജന്‍സിയായ മൊസാദ് ഇറാനിയന്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത് അട്ടിമറി നടന്നേക്കുമെന്ന സംശയത്തെ ബലപ്പെടുത്തുന്നു. ഏതെങ്കിലും തരത്തില്‍ വിദേശ ഇടപടെലോ ആക്രമണമോ ഉണ്ടായാല്‍ രാജ്യം വിടാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ബദല്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അജ്ഞാത സോത്രസുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഖമനേയിയും മകനും പിന്‍ഗാമിയുമായ മോജ്തബയും ഉള്‍പ്പെടെ 20 സഹായികളോടും കുടുംബത്തോടുമൊപ്പം മോസ്കോയിലേക്ക് പലായനം ചെയ്യാനാണ് പദ്ധതിയിടുന്നത്. 

സമീപ വര്‍ഷങ്ങളില്‍ ഇറാന്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുടെ ഒരു പരമ്പര നേരിട്ടിട്ടുണ്ട്. വിദേശ ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമായതോടെ റിയാലിന്റെ മൂല്യത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതിനൊപ്പം 40% പണപ്പെരുപ്പ നിരക്കും പ്രതിസന്ധി സൃഷ്ടിച്ചു. രാജ്യത്തെ വ്യാപാരികളാണ് വിലക്കയറ്റത്തിനും റിയാലിന്റെ മൂല്യത്തകര്‍ച്ചയ്ക്കുമെതിരെ ആദ്യം പ്രതിഷേധം ആരംഭിച്ചത്. പിന്നീട് വിദ്യാര്‍ത്ഥികളുള്‍പ്പെടെ സാധാരണക്കാരിലേക്ക് പ്രതിഷേധം വ്യാപിക്കുകയായിരുന്നു.

ഒരാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധങ്ങളില്‍ 1200ലധികം പേരെ കസ്റ്റഡിയിലെടുത്തതായി യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റെെറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി അറിയിച്ചു. 29 പ്രതിഷേധക്കാരും നാല് കുട്ടികളും രണ്ട് സുരക്ഷാ സേനാ അംഗങ്ങളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനിലെ 31 പ്രവിശ്യകളില്‍ 27 എണ്ണത്തിലായി 250ലധികം സ്ഥലങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. 2022ല്‍ മഹ്സ അമിനി പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് നടന്ന രാജ്യവ്യാപക പ്രതിഷേധങ്ങളെക്കാള്‍ വലുതാണ് നിലവില്‍ രാജ്യത്ത് നടക്കുന്നത്. 

Exit mobile version