നബാർഡ് വഴി 3500 കോടി രൂപയുടെ പദ്ധതി തയ്യാറാണെന്നും സംസ്ഥാനത്തെ താമസയോഗ്യമല്ലാത്ത മുഴുവൻ സുനാമി വീടുകളും പുനർനിർമിച്ചു നൽകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെയും ഫിഷറീസ് വകുപ്പിന്റെയും സ്വപ്നപദ്ധതിയായ ‘പുനർഗേഹം’ വഴി തോട്ടപ്പള്ളിയിൽ നിർമിച്ച ‘സഫലം’ ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഫലം പദ്ധതിയുടെ ആദ്യ ഗുണഭോക്താവായ ഗോപാലന്റെ ഭാര്യയ്ക്ക് അനുവദിച്ച സഫലം 5 എ 01 ഫ്ലാറ്റിൽ പാലുകാച്ചിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. കടലാക്രമണ ഭീഷണിയിൽ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടും അന്തസ്സുറ്റ ജീവിതസൗകര്യങ്ങളും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
വീടില്ലാത്ത 9108 കുടുംബങ്ങളിൽ 3498 പേർക്ക് ഇതിനോടകം വീടുകളുടെ താക്കോൽ നൽകി കഴിഞ്ഞു. 5478 വീടുകൾ പൂർത്തീകരണ ഘട്ടത്തിലാണ്. സഫലം ഉൾപ്പെടെ 1980 ഫ്ലാറ്റുകളുടെ നിർമാണം പുരോഗമിക്കുകയാണ്. മാറിതാമസിക്കാൻ സമ്മതിച്ചവരിൽ ഇനി 3630 പേർക്ക് മാത്രമാണ് വീടുകൾ നൽകാനുള്ളതെന്നും തീരദേശത്തുനിന്ന് മാറാനുള്ള ചില കുടുംബങ്ങളുടെ വിമുഖതയാണ് നിലവിലെ തടസ്സമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തീരദേശത്തിനടുത്തുതന്നെ സ്ഥലം കണ്ടെത്തി ഇതിന് പരിഹാരം കാണുമെന്നും ഇതിനായി സംസ്ഥാന സർക്കാർ 2500 കോടി രൂപ ചെലവിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിഷറീസ് വകുപ്പ് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി തയ്യാറാക്കാൻ ആലോചിക്കുന്നുണ്ടെന്നും, തുടർഭരണമുണ്ടായാൽ നബാർഡ് വഴി 3000 കോടിയുടെ മറ്റൊരു പദ്ധതി കൂടി നടപ്പാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ഉന്നമനത്തിനായുള്ള സാഫ് പദ്ധതിയിലൂടെ കഴിഞ്ഞ വർഷം 200 കോടിയുടെ വിറ്റുവരവുണ്ടായി. ഇതിനുപുറമെ തൊഴിൽ തീരം പദ്ധതി, ചെത്തി, അർത്തുങ്കൽ, വലിയഴിക്കൽ, തോട്ടപ്പള്ളി ഹാർബറുകൾ എന്നിവയുടെ നിർമാണ പുരോഗതിയും അദ്ദേഹം വിശദീകരിച്ചു. റവന്യു വകുപ്പ് ഫിഷറീസ് വകുപ്പിന് കൈമാറിയ മൂന്ന് ഏക്കർ 48 സെന്റ് ഭൂമിയിൽ 26.5 കോടി രൂപ ചെലവഴിച്ചാണ് സഫലം ഭവന സമുച്ചയം നിർമിക്കുന്നത്. ആകെ 204 ഭവനങ്ങളുള്ള പദ്ധതിയിൽ പൂർത്തിയായ 84 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറിയത്. ചടങ്ങിൽ എച്ച് സലാം എംഎല്‍എ അധ്യക്ഷനായി. സംസ്ഥാനത്ത് പുനർഗേഹം വഴി ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾക്ക് സൗകര്യം ലഭിച്ചത് അമ്പലപ്പുഴ മണ്ഡലത്തിലാണെന്ന് എംഎല്‍എ പറഞ്ഞു. എഡിഎം ആശാ സി എബ്രഹാം, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കവിത, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ്, പുറക്കാട് ഗ്രാമപഞ്ചായത്ത് അംഗം ആർ രാജി, ഫിഷറീസ് വകുപ്പ് ഡയറക്ടർ വി ചെൽസാസിനി, കെ എസ് സി എ ഡി സി മാനേജിങ് ഡയറക്ടർ പി ഐ ഷെയ്ക്ക് പരീത്, ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്ടർ സ്മിത ആർ നായർ എന്നിവർ പങ്കെടുത്തു.

