രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ കുട്ടികള്‍ക്കതിരായ കുറ്റകൃത്യങ്ങളില്‍ മൂന്നര മടങ്ങ് വര്‍ധന. 2011 നും 2021 നുമിടയിൽ 351 ശതമാനം വർധനവാണുണ്ടായതെന്ന് ചൈൽഡ് റൈറ്റ്‌സ് ആന്റ് യു (ക്രെെ) എന്ന സംഘടന പറയുന്നു. ഓരോ മണിക്കൂറിലും 17 കുറ്റകൃത്യങ്ങൾ കുട്ടികൾക്കെതിരെ നടക്കുന്നുണ്ടെന്നാണ് സംഘടനയുടെ വിലയിരുത്തല്‍.
കഴിഞ്ഞ വർഷം കുട്ടികൾക്കെതിരെ 1,49,404 കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയതെന്നാണ് എന്‍സിആര്‍ബി പുറത്തുവിട്ട കണക്ക്. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവല്ക്കരണവും റിപ്പോർട്ടിങ്ങും വർധിച്ചതാണ് കണക്കുകള്‍ ഉയരാന്‍ കാരണമെങ്കിലും ഉയര്‍ന്ന സംഖ്യ അസ്വസ്ഥതയുണ്ടാക്കുന്നതായും ക്രെെ ചൂണ്ടിക്കാട്ടി. കാരണം കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ ഒരു ശതമാനം റിപ്പോർട്ട് ചെയ്യപ്പെടാതെ തുടരുന്നുണ്ടെന്ന് ക്രൈ സിഇഒ പൂജ മർവാഹ പറയുന്നു.
സര്‍ക്കാരിന്റെ നിരവധി പദ്ധതികള്‍ ഉണ്ടായിട്ടും നമ്മുടെ കുട്ടികൾ സുരക്ഷിതവും സംരക്ഷിതവുമായ ബാല്യത്തിലേക്ക് എത്തുന്നില്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളുടെ എണ്ണം തമ്മിലുള്ള വലിയ വ്യത്യാസം ആശങ്കാജനകമല്ല. ആണ്‍കുട്ടിയോടോ പെൺകുട്ടിയോടോ എന്ന വിവേചനം കുറ്റകൃത്യങ്ങളിലില്ല. എന്നാൽ പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ 99 ശതമാനത്തിലേറെയും പെൺകുട്ടികൾക്കെതിരെയാണ്.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഒഡിഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പകുതിയോളം-47.4 ശതമാനം. ഇന്ത്യയിലെ ശിശു സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും പൊലീസ്, നീതിന്യായ, നിയമ സംവിധാനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും അടിയന്തര നടപടികൾ ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
33,503 പോക്‌സോ കേസുകള്‍
കഴിഞ്ഞ വർഷം പോക്‌സോ പ്രകാരം 33,503 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതിൽ 675 കുറ്റകൃത്യങ്ങളും ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കെതിരെയുള്ളതാണ്. ആറിനും 12 നും ഇടയിലുള്ള കുട്ടികൾക്കെതിരെ 3,297 എണ്ണവും 12 നും 16 നും ഇടയിലുള്ളവര്‍ക്കെതിരെ 13,256 ഉം അതിക്രമങ്ങളുണ്ടായി. 16 നും 18 നും ഇടയിലുള്ള 16,275 പേരാണ് അക്രമിക്കപ്പെട്ടത്.
എല്ലാ വിഭാഗത്തിലും 95 ശതമാനത്തിലധികം കുറ്റകൃത്യങ്ങളും പെൺകുട്ടികൾക്കെതിരെ നടന്നവയാണ്. 16നും 18നുമിടയിൽ പ്രായമുള്ള 16,206 പെൺകുട്ടികള്‍ക്കെതിരെയും 69 ആൺകുട്ടികള്‍ക്കെതിരെയുമാണ് അതിക്രമമുണ്ടായത്. സ്ത്രീശാക്തീകരണത്തിന്റെ വലിയപ്രഖ്യാപനങ്ങള്‍ക്കിടയിലും രാജ്യത്തെ പെൺകുട്ടികൾ എത്രമാത്രം ദുർബലരായിരിക്കുന്നുവെന്ന് കണക്കുകള്‍ കാണിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
English Summary:351 percent increase in crimes against children
You may also like this video