ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 356.97 കോടി രൂപയുടെ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി. പദ്ധതി വിഹിതം ഉപയോഗിച്ച് 67 റോഡുകൾക്കായി 326.97 കോടിയുടെയും പദ്ധതിയേതര വിഭാഗത്തിൽ 12 റോഡുകൾക്കായി 30 കോടിയുടെയും പ്രവൃത്തിയാണ് നടത്തുക. ആകെ 386 കിലോമീറ്ററോളം റോഡിന്റെകൂടി നവീകരണത്തിനാണ് ഇതോടെ വഴിതെളിഞ്ഞിരിക്കുന്നത്. രണ്ടു വിഭാഗങ്ങളിലുമായി തിരുവനന്തപുരം ജില്ലയിൽ 15 റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. 76 കോടി മുടക്കി 70 കിലോമീറ്ററോളം റോഡ് ജില്ലയിൽ നവീകരിക്കും.
കൊല്ലം ജില്ലയിൽ ആകെ 75 കിലോമീറ്ററോളം ദൈർഘ്യത്തിൽ 13 റോഡുകൾക്കായി 58.7 കോടിയും ആലപ്പുഴ ജില്ലയിൽ 35 കിലോമീറ്റർ ദൈർഘ്യത്തിൽ എട്ട് റോഡുകൾക്കായി 35.85 കോടിയും അനുവദിച്ചു. കോട്ടയം ജില്ലയിൽ എട്ടു റോഡുകളിലായി 24 കിലോമീറ്ററാണ് നവീകരിക്കുക. ഇതിനായി 30.35 കോടിയ്ക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. എറണാകുളം ജില്ലയിൽ ഒമ്പത് റോഡുകൾക്കായി 33.8 കോടി അനുവദിച്ചു. 44 കിലോമീറ്ററിന്റെ നവീകരണത്തിനാണ് ഈ തുക.
പദ്ധതി വിഭാഗത്തിൽ ഇടുക്കി ജില്ലയിൽ നാലു റോഡുകളാണ് നവീകരിക്കുന്നത്. ആകെ 40.77 കിലോമീറ്ററിന് 35.5 കോടി യുടെ ഭരണാനുമതി നൽകി. തൃശൂർ ജില്ലയിൽ 31 കിലോമീറ്റർ വരുന്ന എട്ടു റോഡുകൾ നവീകരിക്കാൻ 30.12 കോടിയും പാലക്കാട് ജില്ലയിൽ ഏഴു റോഡുകളിലായി 30.5 കിലോമീറ്ററിന് 26.15 കോടി യും അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
കെഎസ്ആർടിസിക്ക് 20 കോടി കൂടി
കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 20 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ മാസം 123 കോടിയാണ് സർക്കാർ നൽകിയത്. കോർപറേഷന് ഈ സാമ്പത്തിക വർഷം 1500 കോടി രൂപ സഹായമായി നൽകി. ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ബജറ്റ് വകയിരുത്തലിനെക്കാൾ 600 കോടി രൂപ അധികമായി അനുവദിച്ചു.

