ഇന്ത്യയിലെ 643 മന്ത്രിമാരിൽ 36 പേർ ശതകോടീശ്വരന്മാരാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ട്. കർണാടകയാണ് പട്ടികയിൽ മുന്നിൽ. ബിജെപിയിലാണ് ഏറ്റവും കൂടുതൽ ശതകോടീശ്വരരായ മന്ത്രിമാർ, 14 പേർ. കോൺഗ്രസിന്റെ 61 മന്ത്രിമാരിൽ 11 പേർ ശതകോടീശ്വരന്മാരാണ്. സംസ്ഥാന, കേന്ദ്രഭരണ പ്രദേശ അസംബ്ലികൾ, യൂണിയൻ കൗൺസിൽ എന്നിവിടങ്ങളിൽ നിന്നുള്ള 643 മന്ത്രിമാരുടെ ആസ്തികളാണ് വിശകലനത്തിന് വിധേയമാക്കിയത്. മന്ത്രിമാരില്‍ ആറുശതമാനം പേർ ശതകോടീശ്വരന്മാരാണെന്ന് കണ്ടെത്തി. 643 മന്ത്രിമാരുടെ ആകെ ആസ്തി 23,929 കോടി രൂപയാണെന്നും പാർട്ടി തിരിച്ചുള്ള കണക്കനുസരിച്ച്, ബിജെപിയുടെ ആകെ മന്ത്രിമാരില്‍ നാല് ശതമാനം ശതകോടീശ്വരന്മാരാണ്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്റെ 18 ശതമാനം പേരും ഈ പട്ടികയില്‍പ്പെടുന്നു. അതേസമയം ടിഡിപിക്ക് ആകെയുള്ള 23 മന്ത്രിമാരില്‍ ആറ് പേര്‍ ശതകോടീശ്വരന്മാരാണ്. ഇത് ആകെ മന്ത്രിമാരുടെ എണ്ണത്തിന്റെ 26 ശതമാനമാണ്. ആം ആദ്മി പാർട്ടി, ജനസേന പാർട്ടി, ജെഡിഎസ്, എൻസിപി, ശിവസേന എന്നീ പാർട്ടികൾക്കും ശതകോടീശ്വരന്മാരായ മന്ത്രിമാരുണ്ട്.
രാജ്യത്തെ ഏറ്റവും ധനികനായ മന്ത്രി ടിഡിപിയുടെ ഡോ. ചന്ദ്രശേഖർ പെമ്മസാനിയാണ്. 5,705 കോടിയിലധികം ആസ്തി അദ്ദേഹം പ്രഖ്യാപിച്ചു. ഇദ്ദേഹം ലോക്‌സഭയില്‍ ആന്ധ്രാപ്രദേശിലെ ഗൂണ്ടൂറിനെ പ്രതിനിധീകരിക്കുന്നു. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് 1,413 കോടി രൂപയിൽ കൂടുതൽ ആസ്തിയുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് 931 കോടി രൂപയുടെ ആസ്തിയുണ്ട്. ‘ഏറ്റവും ധനികനായ മുഖ്യമന്ത്രി’ എന്ന പേരും അദ്ദേഹത്തിന് സ്വന്തമാണ്. ആന്ധ്രാപ്രദേശിൽ നിന്നുള്ള നാരായണ പോംഗുരു, നാരാ ലോകേഷ്, തെലങ്കാനയിൽ നിന്നുള്ള ഗദ്ദം വിവേകാനന്ദ്, പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി, കർണാടകയിൽ നിന്നുള്ള സുരേഷ് ബി എസ്, മഹാരാഷ്ട്രയിൽ നിന്നുള്ള മംഗൾ പ്രഭാത് ലോധ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് ആദ്യ പത്തിലെ മറ്റ് ധനികരായ മന്ത്രിമാർ. സംസ്ഥാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ശതകോടീശ്വരരായ മന്ത്രിമാരുള്ള സംസ്ഥാനം കർണാടകയാണ്, എട്ടു മന്ത്രിമാരുള്ള സംസ്ഥാനം, തൊട്ടുപിന്നിൽ ആന്ധ്രാപ്രദേശ് (6), മഹാരാഷ്ട്ര (4) എന്നിങ്ങനെയാണ് സംസ്ഥാനങ്ങൾ. അരുണാചൽ പ്രദേശ്, ഡൽഹി, ഹരിയാന, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് രണ്ടു വീതം ശതകോടീശ്വരന്മാരും ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് ഒന്നുവീതം ശതകോടീശ്വരന്മാരും മന്ത്രിസ്ഥാനം വഹിക്കുന്നു.

