Site icon Janayugom Online

എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍: മന്ത്രി വീണാ ജോര്‍ജ്

പ്രമേഹം മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രമേഹത്തിന്റെ സങ്കീർണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറൽ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കുകയാണ് ലക്ഷ്യം. 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും ഐസിഎംആറും നടത്തിയ പഠനത്തിൽ കേരളത്തിൽ 35 ശതമാനത്തിലേറെ പേർക്ക് പ്രമേഹമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 15 ശതമാനം പേർക്ക് പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന്റെ പ്രമേഹത്തിന്റെ നിയന്ത്രണ നിരക്ക് 16 ആണ്. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രമേഹ നിയന്ത്രണ നിരക്ക് 50 ആക്കി ഉയർത്തുകയാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

എറണാകുളം ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച 360 ഡിഗ്രി മെറ്റബോളിക് സെന്റർ വിജയകരമായതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമാക്കുന്നത്. പ്രമേഹം, രക്താതിമർദ്ദം എന്നിവയ്ക്ക് പുറമെ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളിലും കാലുകളിലും ബാധിക്കുന്ന പ്രമേഹത്തിന്റെ പരിശോധന, പൾമണറി ഫങ്ഷൻ ടെസ്റ്റ്, ഡയറ്റ് കൗൺസിലിങ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴിൽ ഈ സെന്ററുകളിലൂടെ ലഭ്യമാക്കുന്നതാണ്. ഇതിലൂടെ പ്രമേഹം മാത്രമല്ല പ്രമേഹം മൂലമുള്ള ഗുരുതര രോഗങ്ങളേയും നിയന്ത്രിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

Eng­lish Summary:360 degree meta­bol­ic cen­ters in all dis­tricts: Min­is­ter Veena George
You may also like this video

Exit mobile version