Site icon Janayugom Online

രണ്ടുവര്‍ഷത്തിനിടെ സാങ്കേതിക രംഗത്ത് തൊഴില്‍ നഷ്ടം 4.25 ലക്ഷം

രണ്ടുവര്‍ഷത്തിനിടെ ലോകത്തെ ടെക്നിക്കല്‍ കമ്പനികളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ടത് 4.25 ലക്ഷം പേര്‍ക്ക്. ഇക്കാലയളവില്‍ ഇന്ത്യയില്‍ മാത്രം 36,000 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) സംവിധാനം വ്യാപകമായതോടെയാണ് ലക്ഷക്കണക്കിന് യുവജനങ്ങള്‍ വഴിയാധാരമായത്. കോവിഡ് പിടിമുറുക്കിയ 2021- 22 കാലത്തുപോലും തൊഴില്‍നഷ്ടമില്ലാതെ മുന്നോട്ടുപോയ കമ്പനികളാണ് കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ ലേഓഫ് ഫൈ എന്ന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ അമേരിക്കയിലെ ഇന്റെല്‍ അവരുടെ ഹാര്‍ഡ്‌വേര്‍ വിഭാഗത്തിലെ 300 ഓളം ജീവനക്കാരെ പുറത്താക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. 

ഇലോണ്‍ മാസ്ക് അഭിമാന പദ്ധതിയെന്ന് പ്രഖ്യാപിച്ച ഹൈപ്പര്‍ ലൂപ്പ് ഓണ്‍ എന്ന പ്രോജക്ടില്‍ നിന്ന് 100 ശതമാനത്തോളം തൊഴില്‍ശക്തി വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത് ഏതാനും ദിവസം മുമ്പായിരുന്നു. 2023ന്റെ ആദ്യ മൂന്ന് പാദത്തില്‍ മാത്രം ഇന്ത്യന്‍ കമ്പനികള്‍ 28,000 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ലോങ് ഫൗസ് കണ്‍സള്‍ട്ടിങ് നടത്തിയ പഠനത്തില്‍ പറയുന്നു.
സാങ്കേതികവിദ്യാ സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പ് കമ്പനികളും ആഗോളതലത്തില്‍ നേരിടുന്ന സാമ്പത്തിക ഞെരുക്കവും കൂട്ട പിരിച്ചുവിടലിന് ആക്കം വര്‍ധിപ്പിച്ചതായും ലോങ് ഫൗസ് പഠനം ചൂണ്ടിക്കാട്ടുന്നു. ഉപഭോക്തൃ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് കമ്പനികളും ജീവനക്കാരെ പുറത്താക്കി. ഓണ്‍ലൈന്‍ ബാങ്കിങ് രംഗത്തെ പേടിഎം 1,000 പേരെയാണ് ഏതാനും നാള്‍ മുമ്പ് പിരിച്ചുവിട്ടത്. 

ബൈ നോട്ട് പേ ലെറ്റര്‍ സംവിധാനം ആവിഷ്കരിച്ച പേടിഎം കമ്പനി, റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശം ലംഘിച്ചുവെന്ന് കാട്ടി നടപടി സ്വീകരിച്ചതാണ് 1,000 പേരുടെ തൊഴില്‍ നഷ്ടത്തിനിടയാക്കിയതെന്നും, കമ്പനിയുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നും കമ്പനി വക്താക്കള്‍ പ്രതികരിച്ചു. സമൂഹമാധ്യമ പ്ലാറ്റ് ഫോമായ ഷെയര്‍ചാറ്റും 15 ശതമാനം തൊഴില്‍ ശക്തി വെട്ടിക്കുറയ്ക്കാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. ഗെയിമിങ് കമ്പനിയായ ലോക്കോ 36 ശതമാനവും, ഗൂഗിളിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എജ്യുടെക്ക് കമ്പനിയായ അഡ്ഡ247 പിരിച്ചുവിട്ടത് 300 ഓളം ജീവനക്കാരെയാണ്. ഏതാനും മാസം മുമ്പ് എജ്യുടെക് കമ്പനിയായ ബൈജൂസ് 5,000 ഓളം ജീവനക്കാരെ പുറത്താക്കിയിരുന്നു. 

Eng­lish Summary;4.25 lakh job loss in tech­nol­o­gy sec­tor in two years
You may also like this video

Exit mobile version