പെരിട്ടോണിയൽ ഡയാലിസിസ് രോഗികളുടെ ചികിത്സ ഉറപ്പാക്കുന്നതിനായി 4.9 കോടി രൂപ അനുവദിച്ച് ഉത്തരവായി. പെരിട്ടോണിയൽ ഡയാലിസിസിന് ആവശ്യമായ ഫ്ളൂയിഡ് വാങ്ങുന്നതിനായാണ് തുകയനുവദിച്ചത്. ഓരോ ജില്ലയിലേയും രോഗികളുടെ എണ്ണത്തിന് ആനുപാതികമായി കുറഞ്ഞ് മൂന്ന് മാസത്തേയ്ക്ക് ആവശ്യമായ ഫ്ളൂയിഡ് വാങ്ങാനാണ് തുകയനുവദിച്ചത്.
പെരിട്ടോണിയൽ ഡയാലിസിസ് പദ്ധതിയ്ക്ക് ഏഴ് കോടി രൂപയാണ് കേന്ദ്ര വിഹിതമായി അനുവദിക്കാനുള്ളത്. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ സംസ്ഥാനം ഇടപെട്ട് പെരിട്ടോണിയൽ ഡയാലിസിസിന് ആവശ്യമായ ഫ്ളൂയിഡ് വിതരണം ചെയ്തിരുന്നു. ഇതുകൂടാതെയാണ് 4.9 കോടി രൂപ കൂടി അനുവദിച്ചത്. ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്നതാണ് പെരിട്ടോണിയൽ ഡയാലിസിസ് പദ്ധതി. ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിലാണ് ഈ പദ്ധതിയ്ക്കുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.
രജിസ്റ്റർ ചെയ്ത രോഗികൾക്ക് പെരിട്ടോണിയൽ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്ളൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ എന്നിവ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭ്യമാക്കുന്നു.
നിലവിൽ 640 രോഗികൾക്കാണ് പെരിട്ടോണിയൽ ഡയാലിസിസ് ചെയ്യുന്നത്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് പെരിട്ടോണിയൽ ഡയാലിസിസ് പദ്ധതി കൂടി ആരംഭിച്ചത്.
English Summary: 4.9 crore has been sanctioned for peritoneal dialysis
You may also like this video