കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റ് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് വ്യവസായിയില്‍ നിന്നും നാലു കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സംഘ്പരിവാര്‍ വനിതാ നേതാവ് അറസ്റ്റില്‍. മുന്‍ എബിവിപി നേതാവ് കൂടിയായ ചൈത്ര കുന്ദാപുരയാണ് അറസ്റ്റിലായത്. വ്യവസായിയായ ഗോവിന്ദ ബാബു പൂജാരിയാണ് തട്ടിപ്പിനിരയായത്. ആര്‍എസ്‌എസ് നേതാക്കളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും, ദക്ഷിണ കന്നഡ ജില്ലയിലെ ബൈന്ദൂര്‍ നിയമസഭാ സീറ്റ് വാങ്ങിത്തരാമെന്നുമാണ് ചൈത്ര വ്യവസായിയെ അറിയിച്ചത്. ഗോവിന്ദ ബാബുവിനെ ബംഗളൂരുവില്‍ വിളിച്ചു വരുത്തി. ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന് പരിചയപ്പെടുത്തി, ചിലരുമായി കൂടിക്കാഴ്ചയും സംഘടിപ്പിച്ചു. തുടര്‍ന്ന് ടിക്കറ്റിനായി വ്യവസായിയില്‍ നിന്നും നാലുകോടി രൂപ വാങ്ങിയെടുത്തു.
തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതോടെ ഗോവിന്ദ ബാബു പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണം നല്‍കാതിരുന്നതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബംഗളൂരുവില്‍നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ഉഡുപ്പിയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തിന്റെ പരിസരത്തുനിന്നാണ് ചൈത്രയെ പിടികൂടിയത്. ഏറെനാളായി പൊതുരംഗത്തുനിന്ന് അപ്രത്യക്ഷയായ ചൈത്ര മാസ്‌ക് ധരിച്ചാണ് എത്തിയിരുന്നത്. ചൈത്രയുടെ കൂട്ടാളികളായ ശ്രീകാന്ത് നായക്, ഗംഗൻ കഡുര്‍, എ പ്രസാദ് എന്നിവരെയും ഉഡുപ്പി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘ്പരിവാര്‍ വേദികളിലെ സ്ഥിരം പ്രസംഗകയായ ചൈത്ര കുന്ദപുര, മുമ്പ് വിദ്വേഷ പ്രസ്താവനകളിലൂടെ വിവാദത്തിലായിട്ടുണ്ട്. ബജ്‌റംഗ‌്ദള്‍ വേദിയിലെ വിദ്വേഷപ്രസംഗത്തിന് 2021ല്‍ സൂറത്ത്കല്‍ പൊലീസ് ചൈത്രയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
English Summary:4 crore fraud case; Sangh Parivar woman leader arrested
You may also like this video