സ്വകാര്യ ബാങ്ക് ജീവനക്കാരിൽനിന്ന് 40 ലക്ഷംരൂപ കവർച്ചചെയ്ത സംഭവത്തിൽ 39 ലക്ഷം രൂപ പ്രതി പന്തീരാങ്കാവ് പള്ളിപ്പുറം മനിയിൽപറന്പിൽ ഷിബിൻലാൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മുഖ്യപ്രതി ഷിബിൻ ലാലിന്റെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്. തട്ടിയെടുത്തതിന് പിന്നാലെ പണം പന്തീരാങ്കാവ് കൈമ്പാലം സ്വദേശിക്ക് കൈമാറിയിരുന്നുവെന്നായിരുന്നു ഷിബിൻ ലാൽ നൽകിയ മൊഴി.
ഇത് വിശ്വസിച്ചിരുന്നില്ലെങ്കിലും പൊലീസിന് പണം കണ്ടെത്തായിരുന്നില്ല. കഴിഞ്ഞ ദിവസം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഷിബിൻ ലാലിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് പണം കണ്ടെത്താനായത്. പ്രതിയുമായി നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെത്തിയത്. പന്തീരാങ്കാവ് മണക്കടവ് റോഡിലെ ബാങ്കിൽ പണയംവെച്ച സ്വർണം മാറ്റിവെക്കാനാണെന്ന കള്ളക്കഥയുണ്ടാക്കി ഷിബിൻലാൽ രാമനാട്ടുകരയിലെ ഇസാഫ് ബാങ്കിലെത്തി 40 ലക്ഷം രൂപ ആവശ്യപ്പെടുകയും ഷിബിൻലാലിന്റെ വിശദവിവരങ്ങൾ അന്വേഷിച്ചറിഞ്ഞശേഷം പണവുമായി ഇസാഫ് ബാങ്ക് ജീവനക്കാർ ബാങ്കിന് സമീപമെത്തുകയുമായിരുന്നു. പണവുമായി ജീവനക്കാരൻ അരവിന്ദൻ പന്തീരാങ്കാവിലെ ബാങ്കിലേക്ക് നടക്കുന്നതിനിടെ കൈവശമുള്ള പണമടങ്ങുന്ന ബാഗ് തട്ടിയെടുത്ത് പ്രതി സ്കൂട്ടറിൽ രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് പിടിയിലാകുകയായിരുന്നു.

