ബംഗ്ലദേശിൽ 40 വയസ്സുകാരിയായ ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്. മധ്യ ബംഗ്ലദേശിലെ കാളിഗഞ്ചിലാണ് സംഭവം. കൂടാതെ ഇവരെ മരത്തിൽ കെട്ടിയിട്ട് മുടി മുറിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. പരുക്കേറ്റ നിലയിൽ കണ്ട യുവതിയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആദ്യം പരാതിപ്പെടാൻ വിസമ്മതിച്ചെങ്കിലും പിന്നീട് യുവതി കാളിഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
രണ്ടര വർഷം മുൻപ് കാളിഗഞ്ച് മുനിസിപ്പാലിറ്റിയില്‍ യുവതി ഇരുനില വീടും ഭൂമിയും വാങ്ങിയിരുന്നു. ഷാഹിൻ എന്നയാളിൽനിന്നുമാണ് ഇതു വാങ്ങിയത്. എന്നാൽ ഈ ഇടപാടിനു ശേഷം ഷാഹിനും സഹോദരനും യുവതിയോടു മോശമായി പെരുമാറാൻ തുടങ്ങി. കഴിഞ്ഞ ശനിയാഴ്ച ഷാഹിനും സുഹൃത്തും ചേർന്നു യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണം നൽകാൻ വിസമ്മതിച്ചപ്പോഴാണ് മരത്തിൽ കെട്ടിയിട്ടു മുടി മുറിച്ചു ദൃശ്യങ്ങൾ പകർത്തിയതെന്ന് അക്രമത്തിന് ഇരയായ സ്ത്രീ പൊലീസിനു നൽകിയ പരാതിയില്‍ പറഞ്ഞു.

