Site iconSite icon Janayugom Online

40,000 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ്

ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസ് അയച്ചു. അടുത്ത വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ മാസം രണ്ട് തവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്നാണ് കേന്ദ്ര ഏജൻസി മൂന്നാം വട്ടവും നോട്ടീസ് നൽകിയത്. റിലയൻസുമായി ബന്ധപ്പെട്ട വിവിധ കമ്പനികളുടെ പേരിൽ ബാങ്കുകളിൽ നിന്ന് 40,000 കോടി രൂപ വായ്പ എടുക്കുകയും, ഈ തുക നിശ്ചിത ആവശ്യങ്ങൾക്കല്ലാതെ മറ്റ് കാര്യങ്ങൾക്കായി വകമാറ്റി ചിലവഴിക്കുകയും ചെയ്തു എന്നതാണ് അനിൽ അംബാനിക്കെതിരെയുള്ള പ്രധാന ആരോപണം.

അനിൽ അംബാനിയുടെ പങ്കാളി ടീന അംബാനിയെയും കേസിൽ ചോദ്യം ചെയ്യാൻ ഇ ഡി തീരുമാനിച്ചിട്ടുണ്ട്. ന്യൂയോർക്കിലെ മാൻഹട്ടനിൽ ഒരു ആഡംബര വില്ല വാങ്ങിയതുമായി ബന്ധപ്പെട്ട പണമിടപാടുകളിലെ ദുരൂഹതയാണ് ടീന അംബാനിക്കെതിരെയുള്ള അന്വേഷണത്തിന് ആധാരം. മുൻപ് നോട്ടീസ് അയച്ചിരുന്നെങ്കിലും ടീനയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. അതേസമയം, കേസുമായി ബന്ധപ്പെട്ട സി ബി ഐ, ഇ ഡി അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്ന് മുകേഷ് അംബാനി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ബാങ്കുകളുടെ പരാതിയെത്തുടർന്ന് സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഇതിനോടകം തന്നെ 12,000 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ അനിൽ അംബാനി ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്നത് നിർണ്ണായകമാണ്.

Exit mobile version