Site iconSite icon Janayugom Online

വ്യവസായ മേഖലയില്‍ ഒരു വർഷത്തിനിടെ 4071 കോടി നിക്ഷേപം

kinfrakinfra

സംസ്ഥാനത്തിന് ഒരു വർഷത്തിനിടെ വ്യവസായ മേഖലയില്‍ നേടാനായത് 4071 കോടി രൂപയുടെ നിക്ഷേപം. 82,358 തൊഴിൽ അവസരങ്ങൾ ഒരു വർഷത്തിനുള്ളിൽ സൃഷ്ടിക്കാനുമായി. 

കെഎസ്ഐഡിസി വഴി 895 കോടി രൂപയുടെ നിക്ഷേപവും 2959 തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാനായി. കിൻഫ്രയിലൂടെ 1600 കോടിയുടെ നിക്ഷേപവും 22,000 തൊഴിൽ അവസരങ്ങളും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലൂടെ 1576 കോടി രൂപയുടെ നിക്ഷേപവും 57,399 തൊഴിൽ അവസരങ്ങളും സൃഷ്ടിച്ചു.
50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം സമർപ്പിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമം പാസാക്കാനായതും നേട്ടമായി. സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കെ-സിസ് പോർട്ടലിലൂടെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃത പരിശോധനാ സംവിധാനം ആവിഷ്‌കരിച്ചു. നിലവിൽ അഞ്ച് ലക്ഷത്തിലധികം സ്ഥാപനങ്ങൾ ഈ സംവിധാനത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

എംഎസ്എംഇ മേഖലയിൽ നിക്ഷേപങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലുണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കുന്നതിനായി വിദഗ്ധ പാനലിസ്റ്റുകളെ ഉൾപ്പെടുത്തി എല്ലാ ജില്ലകളിലും എംഎസ്എംഇ ക്ലിനിക്കുകൾ ആരംഭിച്ചു. 2022–23 സംരംഭക വർഷമായി സർക്കാർ ആചരിക്കുന്നതിന്റെ തുടർച്ചയെന്നോണം ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനും നാല് ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നുണ്ട്.
കഴക്കൂട്ടത്തെ കിൻഫ്ര പാർക്കിൽ 75 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് ടാറ്റാ എലക്സിയുമായി കരാർ ഒപ്പുവച്ച് പത്ത് മാസത്തിനുള്ളിൽ കെട്ടിടവും കൈമാറി. ഈ പദ്ധതിയിലൂടെ ആറായിരം പേർക്ക് തൊഴിൽ ലഭിക്കും. കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്‌സ് ആന്റ് മാനുഫാക്ചറിങ് ക്ലസ്റ്ററിൽ 1200 കോടി രൂപ ചെലവിൽ ഐടി, ഐടിഇഎസ്, ഡാറ്റ പ്രോസസിങ് ക്യാമ്പസ് ആരംഭിക്കുന്നതിനായി ടിസിഎസ്സുമായി ധാരണാപത്രം ഒപ്പുവച്ചു. ഇതിലൂടെ 20,000 പേർക്ക് തൊഴിൽ ലഭിക്കും.
ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ തുറക്കുന്ന കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴിക്കായി നിശ്ചയിച്ച 2220 ഏക്കർ ഭൂമിയുടെ 70 ശതമാനം സർക്കാർ 10 മാസം കൊണ്ട് ഏറ്റെടുത്തിട്ടുണ്ട്. 

Eng­lish Sum­ma­ry: 4071 crore in a year in the indus­tri­al sector

You may like this video also

Exit mobile version