രാജ്യത്ത് വന്‍ ലഹരി മരുന്ന് വേട്ട. വിമാനമാര്‍ഗം കടത്താന്‍ ശ്രമിച്ച 62 കിലോ ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു (ഡിആര്‍ഐ) ഇന്റലിജന്‍സ് പിടികൂടി. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 434 കോടി മൂല്യം വരും. ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ കാര്‍ഗോ വഴി എത്തിയ ബാഗുകളില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ബ്ലാക്ക് ആന്റ് വൈറ്റ് എന്ന് പേരിട്ട് നടത്തിയ ഓപ്പറേഷനില്‍ ട്രോളി ബാഗുകളായി കടത്താന്‍ ശ്രമിച്ച 55 കിലോ ഹെറോയിനാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ഉഗാണ്ടയിലെ എന്റബെയില്‍ നിന്ന് ദുബായ് വഴി എത്തിയ കാര്‍ഗോയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. 126 ട്രോളി ബാഗുകളുടെ അകത്ത് ലോഹ ട്യൂബുകളിലായാണ് ഇവ ഒളിപ്പിച്ചിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചരക്ക് ഇറക്കുമതി ചെയ്ത ആളെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടി ചോദ്യം ചെയ്തുവരികയാണ്.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നടന്ന സമാന പരിശോധനകളില്‍ ഏഴ് കിലോ ഹെറോയിനും 50 ലക്ഷം രൂപയും പിടിച്ചെടുത്തു. 2021ല്‍ മാത്രം 3,300 കിലോ ഹെറോയിനാണ് രാജ്യത്ത് പിടികൂടിയത്. ഡല്‍ഹിയിലെ തുഗ്ലകാബാദ്, ഗുജറാത്തിലെ മുന്ദ്ര, പിപാവാവ് എന്നിവിടങ്ങളില്‍ നിന്നായി ഈ വര്‍ഷം 627 കിലോ ഹെറോയിന്‍ പിടിച്ചെടുത്തിട്ടുണ്ട്.
English Summary:434 crore worth drugs seized in Delhi
You may also like this video