കരിപ്പൂർ വിമാനത്താവളത്തിൽ ഉത്തര്‍പ്രദേശ് സ്വദേശിയിൽനിന്ന് 44 കോടിയുടെ കൊക്കെയ്നും ഹെറോയിനും പിടികൂടിയ സംഭവത്തിൽ അന്വേഷണം യുപിയിലേക്ക്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസിന്റെ (ഡിആർഐ) കോഴിക്കോട് യൂണിറ്റാണ് കഴിഞ്ഞ ദിവസം ആഫ്രിക്കൻ രാജ്യമായ കെനിയയിൽ നിന്ന് കൊണ്ടുവന്ന ലഹരിവസ്തുക്കളുമായി ഉത്തരപ്രദേശ് മുസാഫർ നഗർ സ്വദേശി രാജീവ് കുമാറിനെ (27) അറസ്റ്റ് ചെയ്തത്.
3.49 കിലോഗ്രാം കൊക്കെയ്നും 1.29 കിലോഗ്രാം ഹെറോയിനുമാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. ഇയാളുടെ നാട്ടിലെ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനു യുപിയിലെ ഡിആർഐ യൂണിറ്റിന് വിവരം കൈമാറിയിട്ടുണ്ട്. നേരത്തെ ഇയാൾ ഇടപെട്ട മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കേസിന്റെ വിവരങ്ങൾ അവിടെനിന്ന് ശേഖരിക്കും. ഇയാളുടെ നാട്ടിലെ ബന്ധങ്ങളും അന്വേഷണത്തിനു വിധേയമാക്കും. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നിലേറെ ആളുകൾ ഇതിൽ ഇടപെട്ടിട്ടുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കരിപ്പൂരിൽ ഇത്രയേറെ ലഹരിവസതുക്കൾ എത്തുന്നത് ആദ്യമാണ്. മുംബൈ, ബംഗളുരു, ചെന്നൈ, കൊൽക്കൊത്ത, ഡൽഹി തുടങ്ങി രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കിയ സാഹചര്യത്തിലാണ് ഇദ്ദേഹം മയക്കുമരുന്ന് കടത്തിന് കരിപ്പൂര്‍ തെരഞ്ഞെടുത്തതെന്നാണ് സൂചന. മയക്കുമരുന്ന് കേരളത്തിനു പുറത്തേക്കുള്ളതാണെന്നാണ് വിവരം.
English Summary: 44 crore drug seized in Karipur was delivered from Kenya
You may also like this video