Site iconSite icon Janayugom Online

മുണ്ടക്കൈ ഉരുള്‍ദുരന്തത്തില്‍ മരണപ്പെട്ടത് 47 കുടുംബശ്രീ പ്രവര്‍ത്തകര്‍

മുണ്ടക്കൈ ഉരുള്‍ദുരന്തത്തില്‍ മരണപ്പെട്ടത് 47 കുടുംബശ്രീ പ്രവര്‍ത്തകര്‍. മേപ്പാടി കുടുംബശ്രീ സിഡിഎസില്‍ 47 പേര്‍ മരണപ്പെട്ടതോടെ 15 അയല്‍കൂട്ടങ്ങളില്‍ മതിയായ അംഗങ്ങളില്ലാതായി. മതിയായാ അംഗങ്ങളില്ലാതായാത് അയല്‍ക്കൂട്ട അംഗങ്ങളുടേതല്ലാത്ത കാരണമായതിനാല്‍ പ്രത്യേക അയല്‍ക്കൂട്ട പദവി നല്‍കി സംരക്ഷിക്കാന്‍ കുടുംബശ്രീ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. പത്ത് മുതല്‍ ഇരുപത് പേരാണ് സാധാരണ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍. മേപ്പാടി സിഡിഎസിന് കീഴില്‍ അട്ടമല, മുണ്ടക്കൈ, ചൂരല്‍മല എഡിഎസുകളിലായി 62 അയല്‍കൂട്ടങ്ങളും 715 അംഗങ്ങളുമാണുള്ളത്. അതില്‍ 15 അയല്‍ക്കൂട്ടങ്ങളിലെ 47 പേരാണ് ദുരന്തത്തില്‍ മരണപ്പെട്ടത്.

ഇതോടെ 15 അയല്‍ക്കൂട്ടങ്ങളില്‍ മതിയായ അംഗങ്ങളില്ലാതായി. വാര്‍ഡ് 10 അട്ടമലയിലെ 22 അയല്‍ക്കൂട്ടങ്ങളിലായി 245 അംഗങ്ങളില്‍ 4 അയല്‍ക്കൂട്ടങ്ങളിലെ 6 പേര്‍ മരണപ്പെട്ടു. വാര്‍ഡ് 11 മുണ്ടക്കൈയിലെ 11 അയല്‍ക്കൂട്ടങ്ങളിലായി 133 പേരില്‍ 9 അയല്‍ക്കൂട്ടങ്ങളിലെ 21 പേരും, വാര്‍ഡ് 12 ചൂരല്‍മലയിലെ 29 അയല്‍ക്കൂട്ടങ്ങളിലെ 337 അംഗങ്ങളില്‍ 8 അയല്‍ക്കൂട്ടങ്ങളിലെ 20 പേരുമടക്കം 47 പേരാണ് ഉരുള്‍ദുരന്തത്തിലകപ്പെട്ടത്. അട്ടമല 2, മുണ്ടക്കൈ 7, ചൂരല്‍മല 6 തുടങ്ങിയ 15 അയല്‍ക്കൂട്ടങ്ങളാണ് മതിയായ അംഗങ്ങളില്ലാതായതിനാല്‍ പ്രത്യേക പരിഗണന നല്‍കി സംരക്ഷിക്കുന്നത്. കൂടാതെ നിലവില്‍ മൂന്ന് വാര്‍ഡുകളിലെയും 711 കുടുംബങ്ങളെ ദുരന്തഭൂമിയില്‍ നിന്നും ജില്ലയിലെ 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിതാമസിപ്പിച്ചിരിക്കുകയാണ്. ഇതോടെ വിവിധ പ്രദേശങ്ങളില്‍ താമസമായതിനാല്‍ ആഴ്ചതോറുമുള്ള അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരാനോ, വിഹിത സംഖ്യ ശേഖരിക്കാനോ സാധിക്കുന്നില്ല. താമസിക്കുന്നിടങ്ങളിലെ തൊഴിലുറപ്പ് പദ്ധതിയില്‍ പങ്ക് ചേര്‍ന്ന് ഉപജീവനം നടത്താനും സാധിക്കുന്നില്ലെന്ന് അംഗങ്ങള്‍ക്ക് പരാതിയുണ്ട്.

Exit mobile version