സംസ്ഥാനത്ത് കാലവർഷം ആരംഭിച്ച് പകുതി പിന്നിട്ടെങ്കിലും മഴയുടെ ലഭ്യതയിൽ വലിയ കുറവ്. ഈ മാസം ഒന്നു മുതൽ ഇന്ന് വരെ ലഭിച്ചത് 208.1 മില്ലി മീറ്റർ മഴയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ഈ കാലയളവിൽ 393.9 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണ് ഈ കുറവ്. ഇതോടെ കേരളത്തിൽ മഴക്കുറവ് 47 ശതമാനമായി ഉയർന്നു. ആലപ്പുഴ ജില്ലയിലാണ് മഴക്കുറവ് കൂടുതൽ അനുഭവപ്പെടുന്നത്. 361.8 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇന്നലെ വരെ ലഭിച്ചത് 145.2 മില്ലി മീറ്റർ മഴ മാത്രമാണ്. മഴക്കുറവ് 60 ശതമാനത്തിലേക്ക് ഉയർന്നു.
മറ്റ് ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. എറണാകുളം(53 ശതമാനം), ഇടുക്കി(58), കൊല്ലം(55), പത്തനംതിട്ട(51), തിരുവനന്തപുരം(52), വയനാട്(54)ജില്ലകളിലും മഴക്കുറവ് 50 ശതമാനത്തിനും മുകളിലാണ്. തൃശൂർ(31), കോട്ടയം(36) ജില്ലകളിലാണ് ഇതുവരെ കാലവർഷം ഭേദപ്പെട്ട നിലയിൽ ലഭിച്ചത്. ലക്ഷദ്വീപിൽ ഇന്നലെ വരെ ലഭിച്ചത് 74.1 മില്ലി മീറ്റർ മഴയാണ്. സാധാരണയായി 228.6 മില്ലി മീറ്റർ മഴയായിരുന്നു ഇവിടെ ലഭിക്കേണ്ടിയിരുന്നത്. 68 ശതമാനമാണ് മഴക്കുറവ്.
മഴയും നീരൊഴുക്കും കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുത പദ്ധതികളുള്ള ജലാശയങ്ങളിലെ ആകെ ജലശേഖരം 25 ശതമാനത്തിലേക്ക് താഴ്ന്നു. നിലവിൽ 1020. 065 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് ജലാശയങ്ങളിൽ അവശേഷിക്കുന്നത്. ഈ മാസം 647.636 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലം ഡാമുകളിലെല്ലാമായി ഒഴുകിയെത്തുമെന്നായിരുന്നു കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. എന്നാൽ ഇന്നലെ വരെ 388.582 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ നീരൊഴുക്ക് പ്രതീക്ഷിച്ച സ്ഥാനത്ത് ഇതുവരെ 271.526 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലമാണ് ലഭിച്ചത്.
English Summary:47 percent lack of rain in Kerala
You may also like this video