കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനിടയിൽ വീണ്ടും പലിശനിരക്കുയർത്തി റിസർവ് ബാങ്ക്. 50 ബേസിസ് പോയിന്റ് വർധനയാണ് ഇത്തവണ വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 5.4 ശതമാനത്തിലെത്തി. അതേസമയം ജിഡിപി വളർച്ചാ പ്രവചനം 7.2 ശതമാനത്തിൽ തന്നെയാക്കി നിലനിർത്തി. ഉയർന്നു പോകുന്ന വിലക്കയറ്റത്തെ തടയാനാണ് നിരക്കുവർധനയെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
പലിശ നിരക്ക് ഉയർത്താൻ ബാങ്കുകൾക്ക് ആർബിഐ നൽകുന്ന സൂചനയാണ് റിപ്പോ നിരക്ക് വർധന. നിലവിലെ അവസ്ഥയിൽ വായ്പകളുടെ പലിശ നിരക്ക് അരശതമാനമെങ്കിലും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത പലിശ നിരക്കെല്ലാം വർധിക്കും. ആഴ്ചകൾക്കുള്ളിൽ തന്നെ പലിശ നിരക്ക് വർധന ബാങ്കുകൾ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആർബിഐയുടെ നിരക്കു വർധന പ്രഖ്യാപനം വരുന്നതിനു മുമ്പ് തന്നെ പഞ്ചാബ് നാഷണൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) നിരക്കുകളിൽ വർധന വരുത്തിയിരുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ തന്നെ പലിശ വർധനവിനെ സംബന്ധിച്ച് ആർബിഐ സൂചന നൽകിയിരുന്നു. അന്ന് നാല് ശതമാനമായിരുന്നു റിപ്പോ നിരക്ക്. മേയ് മാസത്തിലെ ധനനയ അവലോകനത്തിൽ 40 ബേസിസ് പോയിന്റും ജൂണിൽ മുന്നറിയിപ്പില്ലാതെ 50 ബേസിസ് പോയിന്റും ഉയർത്തിയതോടെ 4.90 ശതമാനത്തിലെത്തി. ഇപ്പോൾ 50 ബേസിസ് പോയിന്റ് കൂടിയതോടെ റിപ്പോ നിരക്ക് കോവിഡ് മഹാമാരിക്ക് മുമ്പത്തെ 5.40 ശതമാനത്തിലേക്ക് ഉയര്‍ന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന നിരന്തരമായ ഇടിവും പലിശ നിരക്കു വർധിപ്പിക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചു. ജൂണിൽ ഇന്ത്യയിലെ ചില്ലറ പണപ്പെരുപ്പ നിരക്ക് 7.01 ശതമാനമായിരുന്നു. തുടർച്ചയായ ആറ് മാസങ്ങളിലും ആർബിഐയുടെ പ്രതീക്ഷിത നിരക്കായ ആറ് ശതമാനത്തിനു മുകളിലായിരുന്നു ഇത്. ഏപ്രിലിൽ ഇന്ത്യയിലെ ഉപഭോക്തൃവില സൂചിക എട്ട് വർഷത്തെ ഉയർന്ന നിലവാരമായ 7.80 ശതമാനമായി.
യുഎസ് ഫെഡ് നിരക്കുകൾ നിലവിൽ 225 ബേസിസ് പോയിന്റുകൾ ഉയർത്തിയപ്പോൾ ആർബിഐ 140 ബേസിസ് പോയിന്റിന്റെ വർധനയാണ് വരുത്തിയിരിക്കുന്നത്. ഡോളർ‑രൂപ നിലവാര വ്യത്യാസവുമായി ചേർന്നു പോകുന്ന വർധനയാണ്. നടപടിക്രമങ്ങൾ അവസാനിച്ചില്ലെന്നും അടുത്ത പാദത്തിലും പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്നും സാമ്പത്തിക വിദഗ്ധർ സൂചിപ്പിച്ചു. സെപ്റ്റംബറിൽ നടക്കുന്ന യോഗത്തിലും യുഎസ് ഫെഡ് നിരക്കുകൾ 75 ബേസിസ് പോയിന്റ് വരെ വർധിപ്പിക്കാനിടയുണ്ടെന്നും അതോടെ ആർബിഐ അടുത്ത തവണയും 25 ബേസിസ് പോയിന്റിന്റെയെങ്കിലും വർധന വരുത്തുമെന്നും വിദഗ്ധർ പറയുന്നു.
എന്നാൽ കരുതൽ കറൻസികളെക്കാളും ഏഷ്യൻ കറൻസികളെക്കാളും രൂപ മെച്ചപ്പെട്ടതായി ശക്തികാന്ത ദാസ് പറഞ്ഞു. രൂപയുടെ സ്ഥിരത നിലനിർത്തുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബാങ്ക് വായ്പാ വളർച്ച കഴിഞ്ഞ വർഷം 5.5 ശതമാനത്തിൽ നിന്ന് 14 ശതമാനം വേഗത്തിലാണെന്നും ആർബിഐ ഗവർണർ പറഞ്ഞു.
English Summary: 5.4 percent interest: Loans will tighten
You may like this video also