Site iconSite icon Janayugom Online

ഗുജറാത്ത് ഹോസ്റ്റലിൽ നിസ്കരിച്ച വിദേശ വിദ്യാർത്ഥികളെ ആക്രമിച്ച കേസ്; 5 പേർ അറസ്റ്റിൽ

ഗുജറാത്ത് സര്‍വകലാശാല ഹോസ്റ്റലില്‍ വിദേശ വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍.
റമ്ദാന്‍ മാസത്തില്‍ ഹോസ്റ്റലില്‍ നിസ്‌കരിച്ചതിനാണ് വിദ്യാര്‍ത്ഥികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഹിതേഷ് മോവാഡാ, ഭാരത് പട്ടേല്‍ എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നാലെ ക്ഷിതിജ് പാണ്ടേ, ജിതേന്ദ്ര പട്ടേല്‍, സാഹില്‍ ധുദാത്തിയ എന്നിവരെ അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിച്ച സര്‍വകലാശാല മൂന്നു ദിവസത്തിനുള്ളില്‍ എന്‍ആര്‍ഐകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ഹോസ്റ്റലിലേക്ക് വിദേശ വിദ്യാര്‍ത്ഥികളെ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹോസ്റ്റല്‍ പരിസരത്തെ സുരക്ഷയ്ക്ക് വിരമിച്ച സൈനിക ഉദ്യോഗസ്ഥരെ വിന്യസിച്ചതിനൊപ്പം വിദേശ വിദ്യാര്‍ത്ഥികളുടെ ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്‌.

തിരിച്ചറിയാന്‍ കഴിയാത്ത 20 ‑25 പേര്‍ക്ക് എതിരെ വ്യത്യസ്ത വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാരമായ പരിക്കുകളോടെ ശ്രീലങ്ക, താജികിസ്ഥാന്‍ എന്നിവിടങ്ങളിലെ രണ്ട് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ശനിയാഴ്ച ഹോസ്റ്റലില്‍ നിസ്കരിച്ചതിന് വിദ്യാർത്ഥികളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു.

Eng­lish Sum­ma­ry: 5 Arrest­ed For Attack On Inter­na­tion­al Stu­dents At Gujarat Hostel
You may also like this video

Exit mobile version