പാലക്കാട് –-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിനുസമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് പേർ മരിച്ചു. കോങ്ങാട് സ്വദേശികളായ വിജേഷ്, മുഹമ്മദ് അഫ്സൽ, വീണ്ടപ്പാറ സ്വദേശി രമേശ്, വെള്ളയന്തോട് സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല . 2 പേരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ഹൈവേ പൊലീസും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനെത്തിച്ച് വാഹനങ്ങൾ നീക്കിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫും എൽഡിഎഫും തിരഞ്ഞെടുപ്പ് പരിപാടികൾ ഉച്ചവരെ റദ്ദാക്കി. അപകടത്തിൽപ്പെട്ട കാർ അമിതവേഗത്തിൽ ആയിരുന്നെന്നു പൊലീസ് പറഞ്ഞു. കാറിൽനിന്നു മദ്യക്കുപ്പി കണ്ടെത്തിയെന്നും യാത്രക്കാർ മദ്യപിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും കല്ലടിക്കോട് പൊലീസ് പറഞ്ഞു. തെറ്റായ ദിശയിലെത്തിയ കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നെന്നും അമിതവേഗമാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.