Site iconSite icon Janayugom Online

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 50 വർഷം കഠിന തടവ്

പതിനഞ്ച് വയസുകാരിയെ വീട്ടിനുള്ളിൽ കയറി ദിവസങ്ങളോളം പീഡിപ്പിച്ച കേസിൽ പ്രതിക്ക് 50 വർഷം കഠിന തടവ്. തിരുവല്ലം പൂങ്കുളം സ്വദേശി സുജിത് എന്ന ചക്കര(25)യെയാണ് അമ്പത് വർഷം കഠിന തടവിനും 35,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നേകാൽ വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴതുക കുട്ടിക്ക് നൽകണമെന്നും കോടതി പറഞ്ഞു.

2021 സെപ്തംബർ ആറിനാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഏട്ട് ദിവസം പ്രതി മുറിക്കുള്ളിൽ തന്നെ താമസിച്ച് കുട്ടിയെ പീഡന്തതിനിരയാക്കി. വിവാഹം വാഗ്ദാനം നൽകിയതിനാൽ കുട്ടി ആരാടും പറഞ്ഞില്ല. തുടർന്ന് സെപ്തംബര്‍ 21നു കുട്ടിയുടെ അച്ഛന്റെ നേമത്തുള്ള വീട്ടിലും പ്രതിയെത്തി. ഇവിടെ വച്ച് കുട്ടിയുടെ അച്ഛൻ പ്രതിയെ കാണുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. 

ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഇതേ കുട്ടിയെ തട്ടിക്കൊണ്ടു പോയി വർക്കലയിലുള്ള ലോഡ്ജിലെത്തിച്ചും പീഡിപ്പിച്ചു. ഈ കേസിന്റെ വിചാരണയും പൂർത്തിയായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. 27 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകൾ ഹാജരാക്കുകയും ചെയ്യ്തു. ഫോർട്ട്‌ അസിസ്റ്റന്റ് കമീഷണർ എസ് ഷാജി , സബ് ഇൻസ്‌പെക്ടർ ബി ജയ എന്നിവരാണ് കേസ് അന്വേഷിച്ചത്.

Exit mobile version