Site icon Janayugom Online

റോഡപകടങ്ങളിൽ ഇരകളായവരെ ആശുപത്രിയിലെത്തിച്ചാൽ 500 രൂപ പാരിതോഷികം

റോഡപകടങ്ങളിൽ ഇരകളായവരെ ഉടൻ ആശുപത്രിയിലെത്തിക്കുന്നവർക്ക് ധനസഹായവുമായി പൊലീസ്. പരിക്കേറ്റവരുമായി ആശുപത്രിയിലെത്തുന്നവർക്ക് 500 രൂപയാണ് പാരിതോഷികമായി നൽകുന്നത്. കോഴിക്കോട് സിറ്റി പൊലിസും ലയൺസ് ഇന്റർനാഷണൽ 318 ഇയും സംയുക്തമായാണ് ‘ഗുഡ് സമാരിറ്റൻസ് അവാർഡ്’ എന്ന പേരിൽ സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. 

അപകടത്തിൽപ്പെട്ടവരുമായി ആശുപത്രിയിലെത്തി അവിടെ നിന്നുള്ള ഫോട്ടോ വാട്സ് ആപ്പ് വഴി നൽകിയാൽ നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ടിലേക്ക് പണം എത്തും വിധത്തിലാണ് പദ്ധതി നടപ്പാക്കിയത്. ‘8590965259’ എന്ന വാട്സ് ആപ്പ് നമ്പറിലേക്കാണ് ഫോട്ടോ അയക്കേണ്ടത്. ആശുപത്രിയുടെ പശ്ചാത്തലത്തിലുള്ള ഫോട്ടോ അയച്ചാലുടൻ പൊലീസും ലയൺസ് ഇന്റർനാഷണൽ ടീമും ആശുപത്രിയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചുറപ്പുവരുത്തി പണം ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയ വ്യക്തികളുടെ അക്കൗണ്ടിലേക്ക് ഓൺലൈൻവഴി കൈമാറും. ഇതിനുള്ള ഫണ്ട് ലയൺസ് ഇന്റർനാഷണലാണ് വഹിക്കുന്നത്. അപകടത്തിൽപെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് യാതൊരുവിധ നിയമകുരുക്കുകളും ഉണ്ടാവില്ലെന്ന് സിറ്റി പൊലിസ് മേധാവി രാജ്പാൽ മീണ അറിയിച്ചു. 

വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി പൊലിസ് കമ്മിഷണർ അനൂജ് പലിവാൾ, ട്രാഫിക് പൊലിസ് അസി. കമ്മിഷണർ എ ജെ ജോൺസൺ, ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ടി കെ രജീഷ്, ഇ അനിരുദ്ധൻ, കെ മുരളീധരൻ സംബന്ധിച്ചു.

Eng­lish Sum­ma­ry: 500 rupees reward for bring­ing the vic­tims of road acci­dents to the hospital

You may also like this video

Exit mobile version