Site iconSite icon Janayugom Online

ഡല്‍ഹിയില്‍ 5000 കോടിയുടെ വന്‍ മയക്കുമരുന്നു വേട്ട; നാല് പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്നു വേട്ട. 5000 കോടി രൂപ മൂല്യമുളള 560 കിലോ കൊക്കെയ്ന്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായും അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പിടിയിലായതായും പൊലീസ് അറിയിച്ചു. സൗത്ത് ഡല്‍ഹിയിലെ മെഹ്റൗളിയില്‍ നിന്നാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. നാലംഗ സംഘവും പിടിയിലായി. തുഷാര്‍ ഗോയല്‍, ഹിമാന്‍ഷു, ഔറംഗസേബ്, ഭരത് ജെയിന്‍ എ്ന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 562 കിലോ മയക്കുമരുന്നും 40 കിലോ തായ് മരിജുവാനയും കണ്ടെത്തി.

ആദ്യമായാണ് ഇത്രയും ഭീമമായ തോതില്‍ മയക്കുമരുന്നു ഡല്‍ഹി നഗരത്തില്‍ നിന്നും പിടികൂടുന്നത്. ദീപാവലി ഉള്‍പ്പെടെ ഉത്സവ സീസണില്‍ ആവശ്യക്കാര്‍ കൂടുതലായതിനാല്‍ ഡല്‍ഹിയിലും തലസ്ഥാന നഗരങ്ങളിലും മയക്കുമരുന്ന് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസം മുമ്പ് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അന്നുമുതല്‍ സ്‌പെഷ്യല്‍ സെല്‍ പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് ഇവരുടെ പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ 15 കിലോ കൊക്കെയ്നുമായാണ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരുടെ ഗോഡൗണില്‍ നടത്തിയ പരിശോധനയിലാണ് വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയും ഡല്‍ഹിയിലെ തിലക് നഗര്‍ പ്രദേശത്ത് നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്നും പിടികൂടിയിരുന്നു. രണ്ട് അഫ്ഗാന്‍ പൗരന്മാരെ പിടികൂടിയിരുന്നു. 

Exit mobile version