Site iconSite icon Janayugom Online

ആദിത്യനാഥ് സര്‍ക്കാരിന് കീഴില്‍ യുപിയില്‍ ദിവസവും 50,00 പശുക്കള്‍ കൊല്ലപ്പെടുന്നു : വിമര്‍ശനവുമായി ബിജെപി എംഎല്‍എ

യുപിയിലെ ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഒരോ ദിവസവും 50,000 പശുക്കള്‍ കൊല്ലപ്പെടുന്നുവെന്ന് ബിജെപി എംഎല്‍എ. ലോനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ നന്ദകിഷോര്‍ ഗുജ്ജറാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയത്.പശുക്കളുടെ ക്ഷേമത്തിനായുള്ള ഫണ്ട് ഉദ്യോഗസ്ഥര്‍ വിഴുങ്ങുകയാണെന്നും എല്ലായിടത്തും കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ സര്‍ക്കാരിന് കീഴില്‍ എല്ലാദിവസവും 50,000 പശുക്കളാണ് കശാപ്പുചെയ്യപ്പെടുന്നത്. പശുക്കളുടെ ക്ഷേമത്തിനായുള്ള പണം ഉദ്യോഗസ്ഥര്‍ വിഴുങ്ങുകയാണ്. എല്ലായിടത്തും കൊള്ളയാണ് നടക്കുന്നത് എന്നാണ് ഇതിനര്‍ഥം. ഇവരുടെയെല്ലാം തലവന്‍ ചീഫ് സെക്രട്ടറിയാണ്. ഈ വിഷയം മുഖ്യമന്ത്രിയുടെ അടുത്തെത്തണം.നന്ദകിഷോര്‍ ഗുജ്ജാര്‍ പറഞ്ഞു. എംഎല്‍എമാരുടെ ആശങ്ക അവഗണിക്കുകയാണ്. ഇത് സംഭവിക്കുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ അറിവോടെയാണോഅദ്ദേഹം ചോദിച്ചു.

തന്റെ മണ്ഡലമായ ലോനിയില്‍ രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ പണം തട്ടിയെടുക്കുന്നതിന്റെ അടുത്തിടെ പ്രചരിച്ച വീഡിയോയെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്താല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 403‑ല്‍ 375 സീറ്റും നേടി ബിജെപിക്ക് വീണ്ടും അധികാരത്തില്‍ വരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി അനിയന്ത്രിതമായി തുടരുകയാണെങ്കില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്ന മുന്നറിയിപ്പും ഗുജ്ജാര്‍ നല്‍കി. അതേസമയം കഴിഞ്ഞ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശില്‍ പശുവിനെ കശാപ്പുചെയ്തുവെന്ന് ആരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം അടിച്ചുകൊന്നിരുന്നു. മൊറാദാബാദ് ജില്ലയിലാണ് സംഭവമുണ്ടായത്. ഷാഹെ ദിന്‍ എന്ന 35‑കാരനാണ് സാമൂഹ്യവിരുദ്ധരാല്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഷാഹെ ദിന്‍ ആശുപത്രില്‍ പ്രവേശിക്കപ്പെട്ട് 21 മണിക്കൂറുകള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ആക്രമണം

Exit mobile version